ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി: തിരഞ്ഞെടുപ്പ് ചുമതല കേന്ദ്രനേതാക്കള്‍ക്ക്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേരളത്തില്‍ അമിത് ഷായുടെ പുതിയ പദ്ധതികൾ. പാര്‍ട്ടിക്ക് ജയ സാധ്യതയുള്ള 11മണ്ഡലങ്ങളുടെ ചുമതലയില്‍ നിന്ന് സംസ്ഥാന നേതൃത്വത്തെ പൂര്‍ണമായും മാറ്റി നിര്‍ത്തി തിരഞ്ഞെടുപ്പ് ചുമതല കേന്ദ്രനേതാക്കള്‍ക്ക് നല്‍കിയതായാണ് വാര്‍ത്തകള്‍.

സംസ്ഥാനത്ത് അനുകൂല ഘടകങ്ങള്‍ ഏറെയുണ്ടായിട്ടും ഒരടി പോലും മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോള്‍ ഇവിടെയുള്ളതെന്നും അമിത് ഷാ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തിരുവനന്തപുരത്ത് കൂടിയ കോര്‍ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന ഘടകത്തെ വിമര്‍ശിച്ച് രംഗത്ത് വരുത്തിയത്.

സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ പാര്‍ട്ടി നല്‍കിയപ്പോഴും അതിനെ പ്രയോജനപ്പെടുത്താതെ വിവാദം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ഷാ പറഞ്ഞു. കുമ്മനത്തിന്റെ ഗവര്‍ണര്‍ പദവിയും വി. മുരളീധരന്റെ രാജ്യസഭാ സീറ്റും ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം.

സംസ്ഥാനത്തെ മൊത്തം 20 ലോകസഭാ മണ്ഡലങ്ങളില്‍ 11ല്‍ വിജയസാധ്യതയുണ്ടെന്നാണ് പാര്‍ട്ടി അധ്യക്ഷന്റെ വിലയിരുത്തല്‍. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളുടേയും മേല്‍നോട്ടത്തിന്റെ ചുമതല ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധരറാവുവിന് ആയിരിക്കും.

വടക്കന്‍ മണ്ഡലങ്ങളായ കാസര്‍കോട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, ചാലക്കുടി എന്നിവിടങ്ങളില്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് നല്‍കിയിരിക്കുന്നത്. ബിജെപിക്ക് സാമാജികനുള്ള തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളുടെ ചുമതല കര്‍ണാടക എംപി നളിന്‍ കുമാറിനാണുള്ളത്. മറ്റു മണ്ഡലങ്ങളുടെ ചുമതല സംസ്ഥാന നേതൃത്വത്തിന് തന്നെയാണ് നല്‍കിയിട്ടുള്ളത്.