ഫ്രാങ്കോ മുളയ്ക്കലിനെ നാളെ വീണ്ടും ചോദ്യം ചെയ്യും ;ഇന്ന് ചോദ്യം ചെയ്തത് ഏഴുമണിക്കൂര്‍

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നാളെ വീണ്ടും ചോദ്യം ചെയ്യും. നാളെ രാവിലെ 11 മണിക്ക് തന്നെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ബിഷപ്പിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ 11.15 മുതല്‍ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ പ്രത്യേകം തയ്യാറാക്കിയ ഹൈടെക് മുറിയില്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഏഴ് മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്.

മൊഴി പൂര്‍ണമായും പരിശോധിച്ച ശേഷമേ അറസ്റ്റിലേക്ക് നീങ്ങുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിന് മുന്നിലൂടെ ബിഷപ്പ് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ കരിങ്കൊടി കാണിച്ചു.

തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ പ്രത്യേകം സജ്ജമാക്കിയ ഹൈടെക് മുറിയിലാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്. വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായിട്ടാണ് ചോദ്യം ചെയ്യല്‍ നടന്നത്‌.

കോട്ടയം എസ് പിയും ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലുണ്ടയിരുന്നു.. നാല് ക്യാമറകളും റെക്കോഡിങ് സംവിധാനവും മുറിയില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്റര്‍നെറ്റിലൂടെ ചോദ്യം ചെയ്യുന്നത് നിരീക്ഷിക്കുന്നുമുണ്ട്. വിപുലമായ ചോദ്യാവലിയാണ് അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യാനായി തയ്യാറാക്കിയത്.

രാവിലെ പത്തുമണിക്ക് ചോദ്യം ചെയ്യല്‍ തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ബിഷപ്പ് ഫ്രാങ്കോ പതിനൊന്ന് മണിയോടെയാണ് തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ എത്തിയത്. പൂര്‍ണമായും മറച്ച ചെറിയ കാറില്‍ പ്രധാന റോഡ് ഒഴിവാക്കി മാധ്യമപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ചാണ് അദ്ദേഹം എത്തിയത്. രണ്ട് യുവാക്കളും കാറില്‍ ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു.

വൈക്കം ഡിവൈഎസ്പി ഓഫിസില്‍ ആയിരിക്കും ചോദ്യം ചെയ്യലെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ അടക്കം പരിഗണിച്ചാണ് ചോദ്യം ചെയ്യല്‍ കേന്ദ്രം തൃപ്പൂണിത്തുറയിലേക്ക് മാറ്റിയത്.ബിഷപ്പിന്റെ വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളെജില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെന്നാണ് വിവരം.

കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരിയും മറ്റ് കന്യാസ്ത്രീകളും കൊച്ചി ഹൈക്കോര്‍ട്ട് ജംക്ഷനില്‍ നടത്തുന്ന അനിശ്ചിതകാല സമരം 12ാം ദിവസവും തുടരുകയാണ്. ചോദ്യം ചെയ്യലില്‍ സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.