ബിനോയ് കോടിയേരി വിവാദം: ദുബൈയിലെ മലയാളികളെ ദോഷകരമായി ബാധിക്കുന്നതായി നിയമവിദഗ്ധര്‍

ബിനോയ് കോടിയേരിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ ദോഷകരമായി ബാധിക്കുന്നത് യു.എ.ഇയിലുള്ള മലയാളികളെയെന്ന് ഗള്‍ഫിലെ നിയമവിദഗ്ധര്‍. യു.എ.ഇയില്‍ സാധാരണക്കാരായ പ്രവാസികളുടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് അവിഭാജ്യ ഘടകമാണ് ബാങ്കുകളില്‍ നിന്നുള്ള ചെക്കുകള്‍. ഫ്‌ളാറ്റുകള്‍ വാങ്ങുന്നതിനോ മറ്റ് സാമ്പത്തിക ഇടപാടുകള്‍ക്ക് ഗ്യാരന്റി നല്‍കാനോ ഒക്കെ ചെക്കുകള്‍ നല്‍കാറുണ്ട്. ക്രെഡിറ്റ് കാര്‍ഡുകളും ചെക്കുകളും സംബന്ധിച്ച് യു.എ.ഇയില്‍ നിയമനടപടികള്‍ നേരിടേണ്ടിവരുന്നത് ഒരു സാധാരണ സംഭവം മാത്രമാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

യു.എ.ഇയില്‍ ബിസിനസ്സ് നടത്തുന്നവര്‍ ഏതാനും ചില അടവുകള്‍ മുടക്കിയാല്‍ പോലും ബിസിനസ്സിന്റെ വലിപ്പച്ചെറുപ്പം അനുസരിച്ച് സിവില്‍ കേസുകള്‍ വന്നേക്കാം.  ഇപ്പോള്‍ ബിനോയ് കോടിയേരിക്കെതിരെ വന്നിരിക്കുന്ന ട്രാവല്‍ ബാന്‍ ഉന്നത കോടതികളില്‍ പോയാല്‍ ഒഴിവാക്കാവുന്ന നടപടിമാത്രമാണ്. ഏത് ഒരു അവസരത്തിലും പണംകൊടുത്ത് സെറ്റില്‍ ചെയ്യേണ്ടുന്ന കേസ് മാത്രമാണ് ഇപ്പോള്‍ ബിനോയിക്കെതിരെ നല്‍കിയിരിക്കുന്നത്.

മറ്റേതൊരു പ്രവാസി വ്യവസായിയെയും പോലെയാണ് ബിനോയ് കോടിയേരി എന്ന പ്രവാസിയും ചെക്കുകള്‍ ഉപയോഗിച്ച് വായ്പ എടുത്തിരിക്കുന്നത്. ഇപ്പോള്‍ ഈ വിവാദങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ഉപയോഗിക്കുമ്പോള്‍ പ്രശ്‌നത്തിലാകുന്ന മറ്റ് പ്രവാസി മലയാളികളാണ്. വളരെ വലിയതോതില്‍ ഇത് സോഷ്യല്‍മീഡിയയിലും മറ്റ് മാധ്യമങ്ങളിലും ചര്‍ച്ചയാകുമ്പോള്‍ മലയാളികളെ ദോഷകരമായി ബാധിക്കുന്നുണ്ട്. മലയാളികള്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് വിശ്വാസ്യരല്ലെന്ന ധ്വനി ഗള്‍ഫിലെ ബാങ്കുകളില്‍ ഉടലെടുത്തേക്കാം. അതോടെ മലയാളികള്‍ക്ക് വായ്പ്പ നല്‍കുന്നതിന് കുറവ് വന്നേക്കാം.

മലയാളികളുമായി ബിസിനസ്സ് നടത്താന്‍ പറ്റാത്ത ഒരു ചിന്ത സ്വദേശികള്‍ക്ക് വന്നുചേരുന്നതിലേക്ക് ഇക്കാര്യങ്ങള്‍ മുന്നോട്ടുപോകും.  അറ്റ്‌ലസ് രാമചന്ദ്രനെതിരെ ബാങ്കുകള്‍ നടപടിയെടുത്തതോടെതന്നെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അതൊരു വലിയ ബുദ്ധിമുട്ടായി മാറിയിരുന്നു. അതോടെ നൂറുകണക്കിന് ഇന്ത്യന്‍ കമ്പനികള്‍ക്ക് ബാങ്കുകള്‍ കര്‍ശന നിബന്ധനകളാണ് മുന്നോട്ടുവെച്ചത്. അതോടെ ധാരാളം ഇന്ത്യന്‍ സ്ഥാപനങ്ങള്‍ യു.എ.ഇയില്‍ അടച്ചുപൂട്ടേണ്ട സാഹചര്യം വന്നിരുന്നു. അതിനാല്‍ ബിനോയ് കോടിയേരി വിവാദം രാഷ്ട്രീയവത്കരിക്കുന്നതില്‍ അമര്‍ഷത്തിലാണ് പ്രവാസി ഇന്ത്യക്കാര്‍.