ബിനോയ് കോടിയേരിയുടെ കേസ് ഒത്തുതീര്‍പ്പിലേക്ക്; വ്യവസായികള്‍ സഹായിക്കും

ദുബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിന് കളമൊരുങ്ങി. പണം നഷ്ടമായ യുഎഇ പൗരന് നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാനാണ് നീക്കം. കേസിനെ തുടര്‍ന്ന് ബിനോയ്ക്ക് നാട്ടിലേക്ക് മടങ്ങണമെങ്കില്‍ 1.71 കോടി രൂപ ഉടന്‍ നല്‍കണമെന്ന അവസ്ഥയാണ്. പണം നല്‍കിയില്ലെങ്കില്‍ ജയശിക്ഷയിലേക്ക് കാര്യങ്ങള്‍ നീങ്ങാനും ഇടയുണ്ട്. കേസ് എത്രയും വേഗം ഒത്തുതീര്‍പ്പാക്കണമെന്ന പാര്‍ട്ടി നേതാക്കളുടെ ആവശ്യവും ഒത്തുതീര്‍പ്പ് നടപടികള്‍ക്ക് ആക്കം കൂട്ടി.

സാമ്പത്തിക ഇടപാടുകാരും ബിനോയ് കോടിയേരിയുമായി അടുപ്പമുള്ളവരും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഇത് സംബന്ധിച്ച കൂടിച്ചേരലുകള്‍ കുമരകത്തും ഡല്‍ഹിയിലെ ഹോട്ടലിലുമായിരുന്നു. തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ രൂപപ്പെട്ടത്. ഇതിനായി മധ്യസ്ഥ ശ്രമം നടത്തിയത് ഗള്‍ഫിലെ ഒരു മലയാളി വ്യവസായിയുടെ നേതൃത്വത്തിലായിരുന്നു. ബിനോയിക്ക് വേണ്ടി സാമ്പത്തിക സഹായംചെയ്യാന്‍ നിരവധി മലയാളി വ്യവസായികള്‍ ഇതിനകം സന്നദ്ധത അറിയിച്ചിട്ടുമുണ്ട്.

കുമരകത്തെ ചര്‍ച്ചയ്ക്ക് ശേഷം യുഎഇ സംഘം സിപിഎം ദേശീയ സെക്രട്ടറി യച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യെച്ചൂരിയെ സ്ഥിതിവിവരങ്ങള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ തേടിയിരുന്നു. കേസ് വേഗം ഒത്തുതീര്‍പ്പാക്കണമെന്ന നിര്‍ദേശമാണ് യെച്ചൂരി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. സിപിഎം നേതാക്കളുടെ മക്കള്‍ വിദേശത്ത് നടത്തുന്ന ഇടപാടുകളിലേക്ക് ജനശ്രദ്ധ തിരിഞ്ഞതും കൂടുതല്‍ പേരുടെ തട്ടിപ്പുകള്‍ പുറത്തുവരാന്‍ തുടങ്ങിയതും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.