ഡിഎൻഎ പരിശോധനയ്ക്ക് സമ്മതം അറിയിച്ച് ബിനോയ് കോടിയേരി

മുംബൈ: ബീഹാർ സ്വദേശിനിയുടെ ലൈംഗിക പീഡന പരാതിയിൽ ഡിഎന്‍എ പരിശോധനയ്ക്കു സമ്മതമറിയിച്ച് ബിനോയ് കോടിയേരി. ഡി.എന്‍.എ പരിശോധനക്കായി രക്തസാമ്പിളുകള്‍ വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഇന്ന് മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനിലെത്തിയ ബിനോയ് അംഗീകരിക്കുകയായിരുന്നു.

പീഡന പരാതി ഉന്നയിച്ച യുവതിയുടെ കുഞ്ഞിന്റെ പിതൃത്വം അറിയാന്‍ പോലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനക്ക് വിധേയനാകണമെന്ന് ജാമ്യം അനുവദിച്ച വേളയില്‍ കോടതി നിര്‍ദേശിച്ചിരുന്നു.

ഒരു മാസം എല്ലാ തിങ്കളാഴ്ചയും പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനോയ് ഇന്ന് പോലീസ് സ്‌റ്റേഷനിലെത്തിയത്.

പരാതിക്കാരിയായ യുവതി സമര്‍പ്പിച്ച തെളിവുകള്‍ സംബന്ധിച്ച് ചോദ്യം ചെയ്യലുണ്ടായി. ഇതിന് ശേഷമാണ് ബിനോയ് സ്‌റ്റേഷനില്‍ നിന്ന് മടങ്ങിയത്.