‘ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് പറഞ്ഞ പ്രഗ്യ സിംഗിനെ പുറത്താക്കണം’: നിതീഷ്‍കുമാർ

പാറ്റ്ന: ഭോപ്പാലിലെ ബിജെപി സ്ഥാനാ‍ർത്ഥി പ്രഗ്യാ സിങ് താക്കൂറിനെ പുറത്താക്കാൻ ബിജെപി തയ്യാറാകണമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ്‍കുമാർ. പ്രഗ്യാ സിങ് ഠാക്കൂറിന്‍റെ വിവാദ പ്രസ്താവനകളെ തുടർന്നാണ് ബിജെപിക്ക് മുന്നറിയിപ്പുമായി നിതീഷ് കുമാർ രംഗത്തെത്തിയത്.

മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പ്രഗ്യാ സിങ് ഠാക്കൂറിന്‍റെ പ്രസ്താവന വലിയ വിവാദമായിരുന്നു. പ്രസ്താവനക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ഉയർന്നതോടെ പ്രഗ്യാ സിങിനെ ബിജെപി തള്ളിപ്പറഞ്ഞു. ഒടുവിൽ വിവാദത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ പ്രഗ്യാ സിങ് മാധ്യമങ്ങൾ തന്‍റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് പറഞ്ഞത്.

പ്രഗ്യാ സിങിനോടും ഗോഡ്സെയെയും പുകഴ്ത്തി കൊണ്ട് മറ്റു നേതാക്കൾ നടത്തിയ പ്രസ്താവനയോടും ബിജെപി വിശദീകരണം തേടിയിരിക്കുകയാണ്. ബിജെപി. വിവാദ പ്രസ്താവനകൾ നടത്തിയ അനന്ദ് കുമാര്‍ ഹെഗ്ഡേ, പ്രഗ്യാ സിംഗ് താക്കൂര്‍, നളിന്‍ കട്ടീല്‍ എന്നിവർ പാർട്ടിയുടെ അച്ചടക്ക സമിതിക്ക് മുമ്പാകെ 10 ദിവസത്തിനകം റിപ്പോ‍ർട്ട് സമർപ്പിക്കണം. സംഭവത്തിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.