ബിഗ് ബോസ്: ശ്വേതയ്ക്ക് പ്രതിഫലം ഒരു കോടി; രഞ്ജിനിക്ക് എൺപത് ലക്ഷം

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നടി ശ്വേത മേനോന്‍ എറ്റവും പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥിയെന്ന് റിപ്പോര്‍ട്ടുകള്‍. പതിനാറ് മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന ഷോയില്‍ ഒരു ദിവസം ഒരു ലക്ഷം രൂപയാണ് ശ്വേത വാങ്ങുന്നത്. ഇങ്ങനെ നൂറു ദിവസം പൂർത്തിയാക്കിയാൽ ശ്വേതയ്ക്ക് ലഭിക്കുന്നത് ഒരു കോടി രൂപയാണ്ടെ. രഞ്ജിനി ഹരിദാസ് 80000 രൂപയാണ് ദിവസ പ്രതിഫലം. മത്സരാര്‍ത്ഥികള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള പേരും പ്രശ്‌സ്തിയും അടിസ്ഥാനമാക്കിയാണ് പ്രതിഫലം നിര്‍ണയിക്കുന്നത്.

നടന്‍ അനൂപ് ചന്ദ്രന് 71000 രൂപയും ടെലവിഷന്‍ അവതാരകയും നടിയുമായ പേളിമാണിക്ക് 50000 രൂപയാണ് ദിവസേന ലഭിക്കുന്നത്. പേളി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് സീരിയല്‍ താരം അര്‍ച്ചന സുശീലനാണ്. 30000 രൂപയാണ് അര്‍ച്ചനയ്ക്ക് ലഭിക്കുന്നത്.

പ്രതിഫലത്തില്‍ അര്‍ച്ചനയ്ക്ക് തൊട്ടു പിന്നില്‍ ടെലവിഷന്‍ താരം ഹിമ ശങ്കറാണ്. 20,000 രൂപയാണ് ഹിമ ശങ്കറിന് ഒരു ദിവസത്തില്‍ ലഭിക്കുന്നത്. ദീപന്‍ മുരളി, സാബുമോന്‍, എന്നിവര്‍ക്ക് ഇരുപതിനായിരം രൂപയില്‍ താഴെയാണ് ഒരു ദിവസത്തെ പ്രതിഫലം. മറ്റു മത്സരാര്‍ത്ഥികളായ ശ്രീലക്ഷ്മി, അതിഥി റായ്, ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബാഷി, അരിസ്റ്റോ സുരേഷ്, ദിയ സന എന്നിവരുടെ പ്രതിഫലത്തെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

മോഹന്‍ലാലാണ് ബിഗ് ബോസ് മലയാളം പതിപ്പിന്റെ അവതാരകനായി എത്തുന്നത്. ഡച്ച് ടി.വി സീരിസ് ആയ ബിഗ് ബ്രദറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ബിഗ് ബോസ് ഇന്ത്യന്‍ പ്രേക്ഷകരിലേക്കും എത്തിത്തുടങ്ങിയത്. പരിപാടിയുടെ ഹിന്ദി പതിപ്പാണ് ആദ്യം ആരംഭിച്ചത. സല്‍മാന്‍ ഖാന്‍ ആണ് ഹിന്ദി പതിപ്പിന്റെ അവതാരകനായി എത്തുന്നത്. ബോളിവുഡിലെ പല താരങ്ങളുടെയും തുടക്കം ബിഗ് ബോസിലൂടെയാണ്. സണ്ണി ലിയോണ്‍ ബോളിവുഡില്‍ എത്തിയത് ബിഗ് ബോസിലൂടെയായിരുന്നു. ഹിന്ദി പതിപ്പിന്റെ വിജയത്തെ തുടര്‍ന്ന് തെലുങ്ക്, കന്നഡ, തമിഴ, മറാത്തി, ബംഗാളി ഭാഷകളിലും ബിഗ് ബോസ് അവതരിപ്പിക്കുകയായിരുന്നു. തെലുങ്കില്‍ ജൂനിയര്‍ എന്‍.ടി.ആറും തമിഴില്‍ കമല്‍ഹാസനുമാണ് ബിഗ് ബോസിന്റെ അവതാരകര്‍.