പൃഥ്വിരാജിന്റെ കര്‍ണനില്ല; മഹാവീര്‍ കര്‍ണനായി വിക്രം എത്തും

എന്ന് നിന്റെ മൊയ്ദീന്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ പ്രഖ്യാപിച്ച ചിത്രമാണ് കര്‍ണന്‍. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന സിനിമയുടെ പ്രഖ്യാപനത്തിന് ശേഷം പല വാര്‍ത്തകളും ചിത്രത്തെക്കുറിച്ച് വന്നു. ഇതിനിടെ സിനിമയുടെ പ്രധാനനിര്‍മാതാവ് പിന്മാറി. ആ സമയത്തും ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും പ്രി പ്രൊഡക്ഷന്‍ നടക്കുകയാണെന്നും പൃഥ്വിയും വിമലും പറഞ്ഞിരുന്നു. എന്നാല്‍ പെട്ടന്നാണ് പൃഥ്വിയില്‍ നിന്ന് കര്‍ണന്‍ വിക്രത്തിലേയ്ക്ക് എത്തുന്നത്.

കര്‍ണന്‍ രാജ്യാന്തര സിനിമയാണ്. മഹാഭാരതമാണ് പ്രമേയം. കര്‍ണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നു. കേരളവുമായി ഈ സിനിമയ്ക്ക് നിലവില്‍ ഒരു ബന്ധവുമില്ല. ഹിന്ദിയിലും തമിഴിലുമായാകും സിനിമ പുറത്തിറങ്ങുക. ‘മഹാവീര്‍ കര്‍ണ’ എന്നാണ് പേര്. മലയാളത്തില്‍ ചെറിയ രീതിയില്‍ ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു കര്‍ണന്‍. അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഈ ചിത്രം. നിര്‍മാതാവിന്റേയും കൂടി താല്‍പര്യത്തിനനുസരിച്ചാണ് ഒരു രാജ്യാന്തര നിലവാരത്തില്‍ ഈ ചിത്രം എടുക്കാന്‍ തീരുമാനിച്ചതെന്നാണ് സംവിധായകന്‍ ആര്‍എസ് വിമലിന്റെ അഭിപ്രായം.

വിക്രത്തെ കൂടാതെ ബോളിവുഡില്‍ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്‌നീഷ്യന്‍സും സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് പിന്നീട് അറിയിക്കുന്നതായിരിക്കും. വിക്രം ആണ് അഭിനയിക്കുന്നതെന്ന് മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദിയിലെ പ്രമുഖ താരങ്ങളും ഹോളിവുഡിലുമുള്ള താരങ്ങളും അഭിനയിക്കുന്നുണ്ട്. അതേ കുറിച്ചുളള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. മലയാളത്തില്‍ നേരത്തെ പ്ലാന്‍ ചെയ്ത കര്‍ണന്‍ എന്ന പ്രൊജക്ട് അല്ല ഈ സിനിമ. ഇത് വേറെ പ്രൊജക്ട് ആണ്. രാജ്യാന്തരതലത്തില്‍ നിന്നുള്ള ചിത്രമാണ്. 300 കോടിയാണ് പ്രോജക്ടിന്റെ ബജറ്റ്.

മലയാളത്തില്‍ പൃഥ്വിരാജ് തിരക്കിലാണ്. ഡേറ്റ് കിട്ടാനുള്ള ബുദ്ധിമുട്ടുണ്ട്. അതാണ് കാരണം. ഈ സിനിമ വലിയ കാന്‍വാസില്‍ ആണ് നിര്‍മിക്കുന്നത്. ഭാഷകള്‍ക്ക് അതീതമായതുകൊണ്ടാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നതെല്ലാം മാറ്റിയത്.പൃഥ്വിരാജുമായുള്ള അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് എനിക്ക് ഒരു അറിവുമില്ല. പറഞ്ഞ ആളുകളോട് തന്നെ ചോദിക്കുന്നതാവും നല്ലത്. എന്താണ് അഭിപ്രായ വ്യത്യാസം എന്ന് അവര്‍ക്കേ അറിയൂ. അക്കാര്യത്തിലൊന്നും പറയാനുമില്ല. ചിത്രത്തിനെ സംബന്ധിച്ച് വാര്‍ത്തകള്‍ വരുന്നതിനെപ്പറ്റി പോസിറ്റിവ് ആയി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നാണ് കര്‍ണനായിപൃഥ്വിരാജിന്റെ പിന്മാറ്റത്തെക്കുറിച്ച് വിമല്‍ പറയുന്നത്.