ജോസ് കെ മാണി വിഭാഗത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ല: ബെന്നി ബെഹനാന്‍

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെയ്ക്കണമെന്ന യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. യുഡിഎഫിന്റെ തുടര്‍ന്നുള്ള യോഗങ്ങളില്‍ നിന്നും ജോസ് കെ മാണി വിഭാഗത്തെ മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുന്ന യുഡിഎഫ് നേതൃയോഗത്തില്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. യുഡിഎഫുമായി ധാരണയുണ്ടെന്ന് അംഗീകരിക്കുകയും ആ ധാരണ പ്രകാരംകോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെയ്ക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ പിന്നീട് എന്ത് ചെയ്യണമെന്ന് യുഡിഎഫ് തീരുമാനിക്കും.

ബെന്നി ബെഹനാന്റെ വാക്കുകള്‍

‘ഒഴിവുവന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ഇരുവിഭാഗങ്ങളും അവകാശവാദം ഉന്നയിച്ചു. അതേതുടര്‍ന്ന് യുഡിഎഫ് നേതൃത്വം ഇടപെട്ടു. യുഡിഎഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ എല്ലാ ഘടകകക്ഷി നേതാക്കളുമായും ബന്ധപ്പെട്ട് ഒരു ധാരണയുണ്ടാക്കി. ആദ്യ എട്ടുമാസം ജോസ് കെ മാണി വിഭാഗത്തിനും ആറുമാസം പിജെ ജോസഫ് വിഭാഗത്തിനും നല്‍കാമെന്നായിരുന്നു ധാരണ. ഈ ധാരണ യുഡിഎഫ് ചെയര്‍മാന്റെ നിര്‍ദ്ദേശപ്രകാരം കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അവതരിപ്പിച്ചു. ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോഷിയെ ചുമതലപ്പെടുത്തി. അദ്ദേഹം അത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എട്ടുമാസം കഴിഞ്ഞിട്ടും ജോസ് വിഭാഗം രാജിവെയ്ക്കാത്ത സാഹചര്യം ഉണ്ടായി. വീണ്ടും ഈ വിഷയത്തില്‍ തര്‍ക്കങ്ങളുണ്ടായപ്പോള്‍ അത് പരിഹരിക്കുന്നതിന് യുഡിഎഫ് നേതൃത്വം പികെ കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തി. അദ്ദേഹം ഇരുവിഭാഗങ്ങളുമായി സംസാരിച്ചു. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എന്നിവരടക്കം ഇരുവിഭാഗങ്ങളുമായി സംസാരിച്ചു. മറ്റ് ഘടകകക്ഷി നേതാക്കളുമായി ഈ ധാരണയുടെ കാര്യങ്ങളുമായി ബന്ധപ്പെടുകയും ചെയ്തു.
പക്ഷെ, ഇത്തരത്തിലുള്ള ഒരു ധാരണയുണ്ടായിട്ടില്ലെന്ന നിലപാടിലായിരുന്നു ജോസ് വിഭാഗം. അതിനാല്‍ രാജിവെയ്ക്കാന്‍ തയാറല്ല എന്നായിരുന്നു. യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നതാണ് യുഡിഎഫിന്റെ തീരുമാനം. ഈ തീരുമാനം എടുക്കുന്നതിന് മുമ്പ് യുഡിഎഫ് ചെയര്‍മാനും നേതാക്കളും ഘടകകക്ഷി നേതാക്കളുമായും ബന്ധപ്പെട്ടു. യുഡിഎഫ് നേതൃത്വം ഉണ്ടാക്കിയ ധാരണ ഇല്ലായെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ആ ധാരണ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാന്‍ തയാറല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്ത ജോസ് കെ മാണി വിഭാഗത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഘടകകക്ഷി നേതാക്കളുടെയും ഏകകണ്ഠമായ അഭിപ്രായം. കാലതാമസം കൊടുത്തിട്ടും ധാരണ നടപ്പാക്കാതിരുന്ന ജോസ് കെ മാണി വിഭാഗത്തിന് ഇനി യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന തീരുമാനമാണ് യുഡിഎഫ് എടുത്തിരിക്കുന്നത്. യുഡിഎഫിന്റെ തുടര്‍ന്നുള്ള യോഗങ്ങളില്‍ നിന്നും ജോസ് കെ മാണി വിഭാഗത്തെ മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുന്ന യുഡിഎഫ് നേതൃയോഗത്തില്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. നിലവില്‍ അവര്‍ക്ക് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ല. യുഡിഎഫുമായി ധാരണയുണ്ടെന്ന് അംഗീകരിക്കുകയും ആ ധാരണ പ്രകാരംകോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെയ്ക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ പിന്നീട് എന്ത് ചെയ്യണമെന്ന് യുഡിഎഫ് തീരുമാനിക്കും’.