ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം: ഇതുവരെ രാജിവെച്ചത് 700ൽ അധികം ഡോക്ടര്‍മാര്‍

കൊൽക്കത്ത: ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തില്‍ 48 മണിക്കൂറിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബംഗാളില്‍ ഇതുവരെ 700ലധികം ഡോക്ടര്‍മാര്‍ രാജിവെച്ചു. വെള്ളിയാഴ്ച മാത്രമായി 300ഓളം ഡോക്ടര്‍മാരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് രാജിവെച്ചത്. കൂടിക്കാഴ്ചയ്ക്ക് മമതാ ബാനർജി ശ്രമിച്ചെങ്കിലും ഡോക്ടർമാർ മാപ്പ് പറയണമെന്ന് ആവശ്യമുയർത്തി. മമതാ ബാനർജി ഡോക്ടർമാർക്കെതിരേ നടത്തിയ പ്രസ്താവനയിലാണ് മാപ്പ് പറയണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

പശ്ചിമബംഗാളിലെ ഡോക്ടര്‍മാരുടെ സമരം ഒത്തു തീര്‍പ്പാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസവും ശനിയാഴ്ചയും മുഖ്യമന്ത്രി മമതാബാനര്‍ജി വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ തയ്യാറായിട്ടില്ല. ഇതിനിടെയാണ് അന്ത്യശാസനവുമായി എയിംസിലെ ഡോക്ടര്‍മാര്‍ രംഗത്തെതിയത്. 48 മണിക്കൂറിനിടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കുമായി നീങ്ങുമെന്നാണ് മുന്നറിയിപ്പ്. കറുത്ത ബാഡ്ജ് അണിഞ്ഞാണ് എയിംസിലെ ഡോക്ടര്‍മാര്‍ ജോലിക്ക് കയറിയത്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രതിനിധികള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനുമായി കൂടിക്കാഴ്ച നടത്തി. ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഡയം പ്രഖ്യാപിച്ച് തിങ്കളാഴ്ച ഐഎംഎ ദേശീയ പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. അതിനിടെ സമരത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം കൊല്‍ക്കത്ത ഹൈക്കോടതി അംഗീകരിച്ചില്ല. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ അനുനയിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

കൊല്‍ക്കത്തയിലെ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെ കൈയ്യേറ്റമുണ്ടായതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി സമരം നടത്തുന്നത്.

രോഗി മരിച്ചതില്‍ പ്രകോപിതരായ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. പരിബോഹോ മുഖര്‍ജ് എന്ന ഡോക്ടറെയാണ് രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചത്. ഡോക്ടറുടെ അശ്രദ്ധയാണ് രോഗിയുടെ മരണത്തിനിടയാക്കിയതെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഗുരുതരമായി പരുക്കേറ്റ ഡോക്ടര്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുകയായിരുന്നു.