മന്ത്രിയായതിനാല്‍ ഇന്ധനവില വര്‍ധനവ് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്‌വാലെ

ജയ്പൂര്‍: ഒരു കേന്ദ്ര മന്ത്രിയായതിനാല്‍ ഇന്ധനവില വര്‍ധനവ് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്‌വാലെ. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് കൂടിയായ രാംദാസ് ജയ്പൂരില്‍ നടത്തിയ പ്രതികരണം വിവാദമാകുകയാണ്.

ഇന്ധനവില വര്‍ധന വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.ഒരു മന്ത്രിയായതുകൊണ്ട് അലവന്‍സ് ലഭിക്കുന്നതിനാല്‍ വര്‍ധിച്ചുവരുന്ന പെട്രോള്‍, ഡീസല്‍ വില തന്നെ ബുദ്ധിമുട്ടിക്കുന്നില്ല, എന്നാല്‍ മന്ത്രിസ്ഥാനം ഇല്ലെങ്കില്‍ അത് തന്നേയും ബാധിക്കും.

ജനങ്ങള്‍ ഇന്ധനവില വര്‍ധനയില്‍ ബുദ്ധിമുട്ടുകയാണെന്നും കുറക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പറഞ്ഞ മന്ത്രി, സംസ്ഥാനങ്ങള്‍ അതിന്മേലുള്ള നികുതി വേണ്ടെന്നുവെയ്ക്കാന്‍ തയ്യാറായാല്‍ ഇന്ധനവില കുറയുമെന്നും, വിഷയം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായാണ് പരിഗണിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.