വാഹന മോഷണകേസില്‍ അറസ്റ്റിലായ പ്രതിയുടെ വീട്ടില്‍ പരിശോധനക്കിടയില്‍ ലഭിച്ചത് മാന്‍ കൊമ്പുകള്‍

അരീക്കോട്: വാഹനമോഷണകേസില്‍ അറസ്റ്റിലായ പ്രതിയുടെ വീട്ടില്‍ പരിശോധനക്കെത്തിയ പോലീസിന് ലഭിച്ചത്‌
മാന്‍ കൊമ്പുകള്‍. മലപ്പുറം അരീക്കോട് സ്വദേശി പാറാത്തൊടി മുഹമ്മദിന്റെ വീട്ടില്‍ നിന്നാണ് മാന്‍കൊമ്പുകള്‍ കണ്ടെത്തിയത്. മാനുകളെ വെടിവെച്ചുകൊന്നശേഷം കൊമ്പെടുത്തതാണെന്ന് പൊലീസ് സംശയിക്കുന്നു. അരീക്കോട് എടവണ്ണപാറ സ്വദേശി വി പി മുനീബിന്റെ കാര്‍ 2017 മുഹമ്മദ് വാടകയ്ക്ക് എടുത്തിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും തിരികെ നല്‍കിയില്ല. കാര്‍ വിറ്റതായി മനസ്സിലാക്കിയ മുനീബ് അരീക്കോട് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്‍ ബംഗലൂരുവില്‍ നിന്നും കണ്ടെത്തിയത്.

തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2 മാന്‍കൊമ്പുകള്‍ കണ്ടെത്തി. മറ്റൊരാള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതാണ് എന്നായിരുന്നു മുഹമ്മതിന്റെ മൊഴി. കേസ് വനംവകുപ്പിന് കൈമാറി. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.