ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ്; രവി പൂജാരി സെനഗലിൽ നിന്ന് രക്ഷപെട്ടതായി സൂചന

കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിലെ മുഖ്യപ്രതിയായ രവി പൂജാരി ആഫ്രിക്കൻ രാജ്യമായ സെനഗലിൽ നിന്ന് രക്ഷപെട്ടതായി സൂചന. ഇന്‍റർപോളിന്‍റെ റെ‍ഡ് കോർണർ നോട്ടീസുളള മുംബൈ അധോലോക കുറ്റവാളിയായ രവി പൂജാരി കഴിഞ്ഞ ജനുവരി 21നാണ് ആഫ്രിക്കൻ രാജ്യമായ സെനഗലിൽ പിടിയിലായത്. അവിടുത്തെ ഒരു വഞ്ചനാക്കേസിലായിരുന്നു അറസ്റ്റ്.

സെനഗലുമായി കുറ്റവാളികളെ കൈമാറുന്ന കരാർ നിലവിലില്ലാത്തതിനാൽ രവി പൂജാരിയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത് നടന്നില്ല. എന്നാൽ അവിടുത്തെ വഞ്ചനാക്കേസിൽ കഴിഞ്ഞയാഴ്ച ജാമ്യം നേടിയ രവി പൂജാരി റോഡുമാ‍ർഗം പശ്ചിമ ആഫ്രിക്കയിലെ മറ്റൊരു രാജ്യത്തേക്ക് രക്ഷപെട്ടെന്നാണ് സ്ഥീരികരിക്കാത്ത റിപ്പോർട്ടുകളുളളത്.

ഇതിൽ സെനഗലിൽ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നുമാണ് കർണാടക പൊലീസിന്‍റെ നിലപാട്.