ബാര്‍ കോഴ: മാണിക്ക് തിരിച്ചടി, തുടരന്വേഷണം നടത്തണം

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിക്ക് ശക്തമായ തിരിച്ചടി. മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് റിപ്പോര്‍ട്ട് തള്ളിയത്. കേസിന്റെ അന്വേഷണം പൂര്‍ണമല്ലെന്നും അതിനാല്‍ റിപ്പോര്‍ട്ട് തള്ളുന്നതായും കോടതി വിശദീകരിച്ചു. കേസില്‍ സര്‍ക്കാരിന്റെ അനുമതിയോടെ തുടരന്വേഷണം നടത്താനും കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചു.

ബിജു രമേശിന്റെ ആരോപണത്തിന്മേലാണ് മാണിക്കെതിരായി കേസ് ഉയര്‍ന്നത്. നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിയ 418 ബാറുകള്‍ തുറന്നുകിട്ടാന്‍ അന്നത്തെ ധനമന്ത്രി ആയിരുന്ന കെ.എം.മാണിയ്ക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കി എന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതില്‍ ഒരു കോടി രൂപ മൂന്ന് തവണയായി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ചും മാണിയുടെ പാലായിലുളള കുടുംബ വീട്ടില്‍ വച്ചും നല്‍കിയതായും ബിജു പറഞ്ഞിരുന്നു. ഈ ആരോപണം അന്ന്വേഷിക്കാന്‍ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദന്‍ ആഭ്യന്തരമന്ത്രി ആയിരുന്ന രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കിയിരുന്നു. ചെന്നിത്തല കത്ത് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി.