ഇനി പണം പിൻവലിക്കൽ അല്ലാത്ത എടിഎം ഇടപാടുകൾ സൗജന്യം

എടിഎം ഉപയോഗത്തിൽ ചില പുതിയ തീരുമാനം റിസേർവ് ബാങ്ക് അറിയിച്ചിരിക്കുകയാണ്. ഇത് പ്രകാരം പണം പിന്‍വലിക്കലല്ലാത്ത എല്ലാ എടിഎം ഇടപാടുകളും സൗജന്യമായിരിക്കും. ബാലന്‍സ് പരിശോധന, ചെക്ക് ബുക്കിന് അപേക്ഷിക്കല്‍, നികുതി അടയ്ക്കല്‍, പണം കൈമാറ്റം ചെയ്യല്‍ എന്നിവ ഇനി എത്രവേണമെങ്കിലും സൗജന്യമായി നടത്താം.

നിലവില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതലുള്ള എല്ലാ എടിഎം ഇടപാടുകള്‍ക്കും ബാങ്കുകള്‍ ചാര്‍ജ് ഈടാക്കിയിരുന്നു. ഇതിലൊക്കെ മാറ്റം വരുത്തിയിരിക്കുകയാണ് പുതിയ തീരുമാനം. ഹാര്‍ഡ് വേര്‍, സോഫ്റ്റ് വേര്‍ തുടങ്ങിയവയുടെ സാങ്കേതിക തകരാറുമമൂലം എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാന്‍ കഴിയാതെ വന്നാല്‍ അത് ഇടപാടായി കണക്കാക്കാന്‍ പാടില്ല.

എടിഎമ്മില്‍ പണമില്ലാതെ വന്നതുമൂലം പണം ലഭിക്കാതെ വന്നാല്‍ അത് ഇടപാടായി കണക്കാക്കില്ല. നിലവില്‍ അത് ഇടപാടായി കണക്കാക്കിയിരുന്നു. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. അതില്‍തന്നെ എസ്ബിഐയില്‍നിന്ന് അഞ്ചും മറ്റു ബാങ്കുകളില്‍നിന്ന് മൂന്ന് ഇടപാടുകളുമാണ് ഇത്.

മെട്രോ നഗരങ്ങളിലല്ലാത്തവര്‍ക്ക് 10 സൗജന്യ ഇടപാടുകള്‍ നടത്താം. എസ്ബിഐയുടെ എടിഎംവഴി അഞ്ചും മറ്റു ബാങ്കുകളുടെ അഞ്ചും ഇടപാടുകളാണ് അനുവദിച്ചിരുന്നത്. ഇതുവരെ പണം പിന്‍വലിക്കല്‍ അല്ലാതെയുള്ളവയും ഇടപാടായി കണക്കാക്കിയിരുന്നു.