ബാണാസുര സാഗർ ഡാം തുറന്നു; ഭൂരിഭാഗം ജനങ്ങളെയും മാറ്റി പാർപ്പിച്ചു

വയനാട്: ബാണാസുര സാഗർ അണക്കെട്ട് തുറന്നു. പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളെയും മാറ്റി പാർപ്പിച്ചു. കബനി, മാനന്തവാടി, പനമരം പുഴയോരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്ത് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നുമണിക്കാണ് ഷട്ടറുകള്‍ തുറന്നത്. നാല് ഷട്ടറുകളാണ് ഡാമിനുള്ളതെങ്കിലും ഒരു ഷട്ടറാണ് ഇപ്പോള്‍ തുറന്നത്. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ഷട്ടര്‍ തുറക്കുന്നത്.

തീരത്തുള്ള ആയിരത്തോളം ജനങ്ങളെ ഒഴിപ്പിച്ചുകഴിഞ്ഞു. കരമാന്‍ കനാലിന്റെ ഇരു കരകളിലുമുള്ളവരെ മാറ്റിത്താമസിപ്പിച്ച ശേഷമാണ് ഷട്ടര്‍ ഉയര്‍ത്തിയത്. നിരവധി സുരക്ഷാസംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

രാവിലെ എട്ടുമണിയോടെ കളക്ടറുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് അണക്കെട്ട് തുറക്കാൻ ധാരണയായത്. 8.5 ക്യുമെക്സ്‌ അതായത്‌ ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം എന്ന നിലയിലാണ് ഷട്ടറുകൾ തുറക്കുന്നത്.

775.6 മീറ്ററാണ് ബാണാസുര സാഗറിന്റെ സംഭരണ ശേഷി. കഴിഞ്ഞ വർഷം ബാണാസുര ഡാം പെട്ടെന്ന് തുറന്ന് വിടേണ്ടി വന്നതാണ് വയനാട്ടിലെ പ്രളയം രൂക്ഷമാക്കിയത്.