ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് തുറക്കും

വയനാട്: വയനാട് ബാണാസുര സാ​ഗർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ തുറക്കും. രാവിലെ എട്ടുമണിയോടെ കളക്ടറുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് അണക്കെട്ട് തുറക്കാൻ ധാരണയായത്. 8.5 ക്യുമെക്സ്‌ അതായത്‌ ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം എന്ന നിലയിലാണ് ഷട്ടറുകൾ തുറക്കുക.

10 സെന്റീമീറ്റർ വീതം നാല് ഷട്ടറുകൾ ഘട്ടം ഘട്ടമായാണ് തുറക്കുക. നിലവില്‍ സംഭരണ ശേഷിയ്ക്കൊപ്പം എത്താൻ 1.35 മീറ്റര്‍ കൂടി ജലനിരപ്പ് ഉയരേണ്ടതുണ്ട്. ഷട്ടറുകൾ തുറക്കുന്നതോടെ 1.5 മീറ്റർ വരെ വെള്ളം ഉയരും. 775.6 മീറ്ററാണ് ബാണാസുര സാഗറിന്റെ സംഭരണ ശേഷി. കഴിഞ്ഞ വർഷം ബാണാസുര ഡാം പെട്ടെന്ന് തുറന്ന് വിടേണ്ടി വന്നതാണ് വയനാട്ടിലെ പ്രളയം രൂക്ഷമാക്കിയത്.

ഷട്ടറുകൾ തുറക്കുന്നതോടെ പടിഞ്ഞാറത്തറ പഞ്ചായത്തിലാണ് ആദ്യം വെള്ളമെത്തുക. കോട്ടത്തറ, പടിഞ്ഞാറത്തറ, പനമരം പഞ്ചായത്തുകളിൽ ജാഗ്രത നിർദ്ദേശമുണ്ട്. അതേസമയം, ഷട്ടറുകൾ തുറക്കുന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാവേണ്ടെന്ന് അ​ധികൃതർ അറിയിച്ചു.