ബാലകോട്ട് വ്യോമ ആക്രമണം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി രാജസ്ഥാൻ സർക്കാർ

ജയ്പൂർ: ബാലകോട്ടിൽ വ്യോമസേന നടത്തിയ വ്യോമാക്രമണം പാഠപുസ്തകത്തില്‍ ഉൾപ്പെടുത്തി രാജസ്ഥാൻ സർക്കാർ. ഫെബ്രുവരി 26-ന് നിയന്ത്രണ രേഖ കടന്ന് ഭീകരരുടെ താവളങ്ങൾക്ക് നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നാലാക്രമണത്തിന്റെ വിവരങ്ങളാണ് പാഠഭാ​ഗത്ത് ഉൾപ്പെടുത്തിയത്. ഒമ്പതാംതരം പാഠപുസ്തകത്തിൽ ‘ദേശീയ സുരക്ഷയും പരമ്പരാ​ഗത ധീരത’യും എന്ന പേരിലാണ് പുതിയ അധ്യായം ഉൾപ്പെടുത്തിയിരിക്കുന്നത്.

ബാലകോട്ട് ആക്രമണത്തിനിടെ പാകിസ്ഥാന്‍റെ പിടിയില്‍ അകപ്പെടുകയും പിന്നീട് ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്ത വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെക്കുറിച്ചുള്ള വീരകഥകൾ മാത്രമല്ല, കേന്ദ്ര വാർത്താവിതരണ മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റത്തോറിന്റെ ജീവിതവും രാജസ്ഥാനിലെ കോൺ​ഗ്രസ് സർക്കാർ പാഠപുസ്തകത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം കോൺ​ഗ്രസ് ചോദ്യം ചെയ്ത ബാലാകോട്ട് വ്യോമസേന ആക്രമണം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി ​ഗോവിന്ദ് സിം​ഗ് ദൊതസ്ര വിശദീകരണവുമായി രം​ഗത്തെത്തി. തങ്ങൾ വിദ്യാഭ്യാസത്തിൽ ഒരിക്കലും രാഷ്ട്രീയം കലർത്തില്ലെന്ന് ദൊതസ്ര പ്രതികരിച്ചു. വിദ്യാർഥികൾക്ക് പ്രചോദനം ലഭിക്കുന്നതിനാണ് വീരയോദ്ധാക്കളുടെ കഥകൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയത്. ഈ ഇരുപത്തിയൊന്നും നൂറ്റാണ്ടിൽ ബഹിരാകാശ സ‍ഞ്ചാരി കൽപന ചൗള, ടെന്നീസ് താരം സാനിയ മിർസ തുടങ്ങിവരുടെ ജീവിതകഥകളും വിദ്യാർഥികൾ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭര്‍ത്താവിന്‍റെ ചിതയില്‍ ഭാര്യമാര്‍ ചാടിമരിക്കുന്ന ‘സതി’ എന്ന ദുരാചാരം പ്രതിനിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസം രാജസ്ഥാൻ സർക്കാർ പാഠപുസ്തകത്തിൽനിന്ന് നീക്കം ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച റിവിഷന്‍ കമ്മിറ്റിയാണ് പാഠപുസ്‍തകത്തിന്‍റെ പുറംചട്ടയിൽനിന്ന് ചിത്രം ഒഴിവാക്കിയത്. കഴിഞ്ഞ ബിജെപി സർക്കാരാണ് പാഠപുസ്തകത്തിൽ സതിയുടെ ചിത്രം ഉൾപ്പെടുത്തിയത്. നിലവിൽ കുന്നിന്‍ മുകളിലെ ഒരു കോട്ടയുടെ ചിത്രമാണ് പാഠപുസ്‍തകത്തിന്‍റെ പുറംചട്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.