ബജാജിന്റെ ചേതക്ക് തിരികെയെത്തുന്നു; ഇലക്ട്രിക്കായി

പഴയ ചേതക്ക് സ്‌കൂട്ടറിനെ ഓർമിപ്പിച്ച് നിരത്തില്‍ തിരികെ എത്താൻ ഒരുങ്ങുകയാണ് രാജ്യത്തെ ആഭ്യന്തര ഇരുചക്ര വാഹനനിര്‍മ്മതാക്കളില്‍ പ്രബലരായ ബജാജ്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായിട്ടാണ് ചേതക്കിന്‍റെ മടങ്ങിവരവ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‍കരിയുടെ സാന്നിധ്യത്തില്‍ ദില്ലിയില്‍ നടന്ന ചടങ്ങിലാണ് ചേതക്ക് ഇലക്ട്രിക്കിനെ ബജാജ് പുനരവതരിപ്പിച്ചത്.

അടുത്ത വര്‍ഷം ജനുവരിയോടെ ചേതക്ക് ഇലക്ട്രിക് പുറത്തിറങ്ങും. പുണെയിലെ ചാകന്‍ പ്ലാന്റില്‍ സെപ്തംബര്‍ 25 മുതല്‍ ചേതക്കിന്റെ നിര്‍മാണം ബജാജ് അരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ പുണെയിലാണ് വാഹനം ലഭ്യമാവുക. പിന്നാലെ ബെംഗളൂരുവിലും സാന്നിധ്യമറിയിക്കും. ഇതിന് ശേഷം രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലും ചേതക്ക് ഘട്ടംഘട്ടമായി പുറത്തിറങ്ങും.

പഴയ ചേതക്കിനോട് രൂപത്തില്‍ സമാനതകളൊന്നും ഇലക്ട്രിക് ചേതക്കിനില്ല. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ ഓവറോള്‍ രൂപകല്‍പന. എല്‍ഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, സ്‌പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവ ചേതക്കിനെ വേറിട്ടതാക്കുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനം ഉള്‍പ്പെടെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് ബജാജ് ഇ-സ്‌കൂട്ടര്‍ എത്തുക. ഇതിനൊപ്പം ബ്ലൂടൂത്ത് ഉള്‍പ്പെടെയുള്ള കണക്ടിവിറ്റി സംവിധാനങ്ങളും മറ്റും ഈ വാഹനത്തിലുണ്ട്. ജര്‍മന്‍ ഇലക്ട്രിക് ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായി ബോഷുമായി ചേര്‍ന്നാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനെ ബജാജ് അര്‍ബനൈറ്റ് വികസിപ്പിച്ചിരിക്കുന്നത്.

IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിന്‍റെ ഹൃദയം. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. സിറ്റി, സ്‌പോര്‍ട്‌സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും.