മകനിട്ട പേര്‌ ബെനിറ്റോ മുസോലിനി; കോടതി കയറി മാതാപിതാക്കള്‍

റോം: പതിനാല് മാസം പ്രായമുള്ള മകന് ബെനിറ്റോ മുസോളിനി എന്ന് പേരിട്ടതിന് മാതാപിതാക്കള്‍ കോടതി കയറാനൊരുങ്ങുന്നു. ഇറ്റലിയിലെ ഒരു കോടതിയാണ് മാതാപിതാക്കളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. മാതാപിതാക്കള്‍ കുട്ടിക്ക് പൂര്‍വ്വികരിലൊരാളുടെ പേരാണ് നല്‍കിയത്. അതുകൊണ്ടുതന്നെ ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണാധികാരിയുടെ പേര് കുട്ടിക്ക് നല്‍കിയെന്ന വാദം ശരിയല്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

ഇത് രണ്ടാം തവണയാണ് ഇത്തരമൊരുസംഭവം ഇറ്റലിയില്‍ ഉണ്ടാകുന്നത്. നേരത്തെ പതിനെട്ട് മാസം പ്രായമുളള പെണ്‍കുഞ്ഞിന് ബ്ലൂ എന്ന് പേരിട്ടതിനെതിരെ ഇറ്റലിയിലെ ഒരു കോടതി രംഗത്തെത്തിയിരുന്നു. കുഞ്ഞിന്റെ പേര് മാറ്റി പുതിയ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും അല്ലാത്ത പക്ഷം കോടതി കുട്ടിയ്ക്ക് പേരിടുമെന്നും മാതാപിതാക്കള്‍ക്ക് കോടതി അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

2000ല്‍ പ്രസിഡന്റ് പുറത്തിറക്കിയ ഡിക്രി അനുസരിച്ച് കുട്ടികളുടെ ലിംഗം മനസ്സിലാകുന്ന രീതിയിലാവണം പേരിടാന്‍. ഇതാണ് ഇറ്റലിയിലെ നിയമം. എന്നാല്‍ ബ്ലൂ എന്ന പേര് കുട്ടിയുടെ ലിംഗം മനസ്സിലാക്കാന്‍ സഹായിക്കില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നോട്ടീസ് അയച്ചത്.