അയ്യപ്പജ്യോതിക്കിടെ പോലീസുകാരന് മര്‍ദ്ദനം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം അറസ്റ്റില്‍

പയ്യോളി: ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 27 ന് നടത്തിയ അയ്യപ്പജ്യോതിക്കിടെ പോലീസുകാരനെ ഹെല്‍മറ്റിനടിച്ച കേസില്‍ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം അറസ്റ്റിലായി. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയുമായ മരുതിയാട്ട് മോഹനന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പയ്യോളി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.പയ്യോളി കോടതിയില്‍ ഹാജരാക്കിയ മോഹനനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ശബരിമല യുവതിപ്രവേശന വിധിയുമായി ബന്ധപ്പെട്ടാണ് സംഘപരിവാര്‍ സംഘടനകള്‍ അയ്യപ്പജ്യോതി സംഘടിപ്പിച്ചത്. ഡിസംബര്‍ 27 ന് നടത്തിയ പരിപാടിക്കിടെയാണ് വടകരയിലെ സിവില്‍ പൊലീസ് ഓഫീസറായ പ്രദീപ് കുമാറിന് മര്‍ദ്ദനമേറ്റത്.

അയനിക്കാട് പള്ളിക്ക് സമീപംവച്ച് അയ്യപ്പ ജ്യോതിക്കിടെ ബൈക്ക് ഓടിച്ച് പോകുമ്പോള്‍ പരിപാടിയില്‍ ഉണ്ടായിരുന്ന ചിലര്‍ മര്‍ദ്ദിച്ചുവെന്ന് പ്രദീപന്‍ പൊലീസിനോട് പറഞ്ഞിരുന്നു.ഇദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്ന ഹെല്‍മറ്റ് ഉപയോഗിച്ചാണ് അടിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി സമീപത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു.

ബി.ജെ.പി പ്രവര്‍ത്തകനായ അയനിക്കാട് രമിലേഷിനെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ അഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.