ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അംഗത്വം ഒരു കോടി

ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് പദ്ധതിയിലെ ഗുണഭോക്താക്കളുടെ എണ്ണം ഒരു കോടി കവിഞ്ഞ സാഹചര്യത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പദ്ധതിയിലെ അംഗങ്ങളുടെ എണ്ണം ഒരു കോടിയിലെത്തിയതില്‍ രാജ്യത്തെ ഓരോ പൗരനും അഭിമാനിക്കാമെന്ന് ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി അറിയിച്ചു

”രണ്ട് വര്‍ഷത്തിനിടെ ഈ പദ്ധതി നിരവധിപ്പേരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിവച്ചു. എല്ലാ ഗുണഭോക്താക്കളേയും അവരുടെ കുടുംബങ്ങളേയും ഞാന്‍ അഭിനന്ദിക്കുന്നു.
അവരുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു” – അദ്ദേഹം പറഞ്ഞു.

എല്ലാ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും ആയുഷ്മാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മറ്റുള്ളവരുടെയും ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

”അവരുടെ പരിശ്രമങ്ങള്‍ ഇതിനെ ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയാക്കി മാറ്റി. ഈ പദ്ധതി രാജ്യത്തെ നിരവധി പേരുടെ, പ്രത്യേകിച്ച് പാവപ്പെട്ടവരുടേയും ആലംബഹീനരുടേയും വിശ്വാസം പിടിച്ചുപറ്റി” – പ്രധാനമന്ത്രി പറഞ്ഞു.

ആയുഷ്മാന്‍ ഭാരതിന്റെ സവിശേഷതകള്‍ വിശദീകരിക്കുമ്പോള്‍ രാജ്യത്ത് എവിടെ നിന്നും സേവനം ലഭിക്കുന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

”ഗുണഭോക്താക്കള്‍ക്ക് അവര്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലത്തു നിന്ന് മാത്രമല്ല രാജ്യത്തെവിടെ നിന്നും ഏറ്റവും മികച്ചതും കുറഞ്ഞ ചെലവിലുമുള്ള വൈദ്യസഹായം ലഭിക്കും. ഇത് ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്ത സ്ഥലത്തല്ലാതെ ജീവിക്കുന്നവര്‍ക്കും ഉപകാരപ്രദമാണ്” – ശ്രീ. മോദി ട്വീറ്റില്‍ കുറിച്ചു.

നിലവിലെ സാഹചര്യത്തില്‍ ആയുഷ്മാന്‍ ഭാരത് ഗുണഭോക്താക്കളുമായ് ആശയവിനിമയം നടത്താനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. എങ്കിലും പദ്ധതിയിലെ ഗുണഭോക്താക്കളുടെ എണ്ണം ഒരു കോടി തികച്ച മേഘാലയ സ്വദേശി പൂജ തപയുമായ് അദ്ദേഹം ടെലിഫോണില്‍ സംസാരിച്ചു