നിലയ്ക്കലിലെ സംഘര്‍ഷം; ഏഷ്യാനെറ്റ് സംഘത്തിന് നേരെ നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണം, കിട്ടുന്നിടത്ത് വെച്ച് തല്ലാന്‍ ആഹ്വാനം

പമ്പ: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരം കൂടുതല്‍ അക്രമാസക്തമാകുന്നു. മാധ്യമപ്രവര്‍ത്തകരെയടക്കം ആക്രമിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നിലയ്ക്കലിലും നടക്കുകയാണ്. വനിതാ മാധ്യമപ്രവര്‍ത്തകരോടാണ് കൂടുതലായും പ്രക്ഷോഭകാരികള്‍ കലാപമുയര്‍ത്തുന്നത്. എന്നാല്‍ അയ്യപ്പഭക്തരെന്ന ലേബലില്‍ അക്രമം അഴിച്ചുവിടുന്നവരുടെ മുന്നില്‍ വര്‍ധിത വീര്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ജോലി ചെയ്യുന്നത്.

കഴിഞ്ഞ ദിവസം നിലയ്ക്കലില്‍ നടന്ന സംഘര്‍ഷത്തില്‍ ഏഷ്യാനെറ്റ് ചാനലിലെ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമമുണ്ടായി. അവരുടെ ഡിഎസ്എന്‍ജി വാഹനം തകര്‍ക്കുകയും ക്യാമറ തകര്‍ക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. വനിതാ റിപ്പോര്‍ട്ടര്‍മാരടക്കമുള്ള റിപ്പോര്‍ട്ടര്‍മാരെ ഭക്തന്മാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ബോധപൂര്‍വ്വമാണെന്നതിനുള്ള തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്.

സാമൂഹ്യമാധ്യമങ്ങളിലൂടെ ഏഷ്യാനെറ്റിനെതിരെ അക്രമം നടത്താന്‍ ബിജെപി അനുകൂലികള്‍ ആഹ്വാനം ചെയ്തിരുന്നതിന് തെളിവുമുണ്ട്. ” നിലയ്ക്കലില്‍ സംഘര്‍ഷം ഉണ്ടാവുകയാണെങ്കില്‍ ഏഷ്യാനെറ്റ് മാധ്യമ സംഘത്തെ കിട്ടുന്നിടത്ത് വെച്ച് തല്ലാന്‍ മറക്കരുതേ..ഒരപേക്ഷയാണ്” എന്ന് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി എന്നയാള്‍ ഫേസ്ബുക്കിലൂടെ അഹ്വാനം ചെയ്തിട്ടുണ്ട്.


ഇരുന്നൂറ്റിയമ്പതിലേറെ പേരാണ് ഈ ആക്രമണ ആഹ്വാനം ഷെയർ ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ സംപ്രേഷണം തടസ്സപ്പെടുത്താൻ വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാപകപ്രചാരണവുമുണ്ടായി. അയ്യപ്പഭക്തരുടേതെന്ന പേരിൽ തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് ചാനൽ സംപ്രേഷണം തടസ്സപ്പെടുത്താനുള്ളആഹ്വാനങ്ങൾ പ്രചരിച്ചത്. ‘അയ്യപ്പധർമസേന, കോഴിക്കോട്’ എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് 8891181193 എന്നനമ്പറിൽ നിന്ന് ചാനലിന്‍റെ തത്സമയ സംപ്രേഷണം തടസ്സപ്പെടുത്താൻ ഷനോജ് എന്ന ഐഡിയിലുള്ള ആൾ ആഹ്വാനം ചെയ്തത്.

പ്രവര്‍ത്തകര്‍ ഇപ്പോള്‍ ആരെങ്കിലും നിലയ്ക്കലില്‍ ഉണ്ടെങ്കില്‍ ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോര്‍ട്ടര്‍ ടി.വി എന്നിവ പെട്ടെന്ന് തടസ്സപ്പെടുത്തണം. അതിനകത്ത് പറയുന്നത് മുഴുവനും നെഗറ്റീവാണ്. പ്രവര്‍ത്തകരെ മാക്സിമം ക്ഷീണപ്പെടുത്തുന്നതാണ്” എന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്.

ഈ സന്ദേശവും വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതിന് തൊട്ടുപിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസ് തത്സമയസംപ്രേഷണത്തിന് ഉപയോഗിക്കുന്ന ഡിഎസ്എൻജി വാഹനം നിലയ്ക്കലിൽ ആക്രമിയ്ക്കപ്പെട്ടത്.

മാധ്യമങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് ചെയ്യണം എന്ന് നിലയ്ക്കലും പമ്പയിലും കലാപകാരികള്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. ലൈവ് റിപ്പോര്‍ട്ടിങ്ങായതിനാല്‍ ഓരോരുത്തരും പറയുന്നത് അക്രമികള്‍ക്ക് അപ്പപ്പോള്‍ കാണാമായിരുന്നു. കൊടുക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞു പിടിച്ചാണ് ഇന്ന് മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചതെന്നു വ്യക്തമാണ്.

ദേശീയ ചാനലുകള്‍ക്കു നേരെ നടന്ന ആക്രമണവും ആസൂത്രിതമെന്ന് വ്യക്തം. എതിര്‍വാര്‍ത്തകള്‍ കൊടുക്കുന്നവരെ തിരഞ്ഞു പിടിച്ചാണ് ആക്രമിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഡിജിപിയും പ്രസ്താവിച്ചിട്ടുണ്ട്. ശബരിമലയില്‍ കലാപം ലക്ഷ്യമിട്ട് നിരവധി വാട്ട്സപ്പ് ഗ്രൂപ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ ഈ കലാപ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇതേവരെ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല.