കാശ്മീർ വിഷയം സംസാരിക്കാൻ ട്രംപ് ആര്? ലോകത്തിന്റെ പൊലീസോ? മോദി ട്രംപ് സംഭാഷണത്തെ വിമര്‍ശിച്ച് ഉവൈസി

ഹെെദരാബാദ്: കശ്മീര്‍ പ്രശ്‌നത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈദരാബാദില്‍ നിന്നുള്ള എം.പി അസദുദ്ദീന്‍ ഉവൈസി. യു.എസ് പ്രസിഡന്റുമായി കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനുള്ള മോദിയുടെ തീരുമാനം അങ്ങേയറ്റം വേദനിപ്പിച്ചുവെന്ന് ഉവൈസി പറഞ്ഞു.

നേരത്തെ ട്രംപ് തന്നെ അവകാശപ്പെട്ട തന്‍റെ പ്രമാണിത്വം മോദി തന്‍റെ നീക്കത്തിലൂടെ അംഗീകരിച്ച് കൊടുക്കുകയായിരുന്നു. ഇത് രണ്ട് രാജ്യങ്ങളെ മാത്രം ബാധിക്കുന്ന വിഷയമാണ്. പ്രധാനമന്ത്രി മോദി ട്രംപിനെ ഫോണില്‍ വിളിച്ച് ഉഭയകക്ഷി പ്രശ്നമായി ഈ വിഷയം ചര്‍ച്ച ചെയ്തത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. മോദിയുടെ ഈ നടപടി ട്രംപ് നേരത്തെ അവകാശപ്പെട്ട കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതാണ്. ഇതൊരു ഉഭയകക്ഷി പ്രശ്‌നമാണ്, ഒരു മൂന്നാം കക്ഷിയെയും ഇതില്‍ ഇടപെടാന്‍ അനുവദിക്കില്ല- ഉവൈസി പറഞ്ഞു.

ഫോണില്‍ വിളിച്ച് മോദി ട്രംപിനോട് പരാതി പറഞ്ഞിരിക്കുന്നു. ഈ വിഷയത്തില്‍ ഇടപെടാന്‍ ട്രംപ് ആരാണ് ? ഈ ലോകത്തിന്റെ പൊലീസോ- കശ്മീര്‍ ഉഭയകക്ഷി പ്രശ്നമാണെന്ന് ഞങ്ങള്‍ എല്ലായിടത്തും പറയുന്ന കാര്യമാണ്. ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ കൃത്യമായ നിലപാടാണ് ഉള്ളത്. അപ്പോള്‍ പിന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിളിച്ച് അതിനെക്കുറിച്ച് പരാതിപ്പെടേണ്ട ആവശ്യം മോദിക്കുണ്ടോ? – ഉവൈസി ചോദിച്ചു.

ജമ്മു കശ്മീർ വിഭജനത്തിനും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും ശേഷം ആദ്യമായി ട്രംപും മോദിയുടെ ഫോണില്‍ സംസാരിച്ചിരുന്നു. പാക്കിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ സമാധാനം ഉണ്ടാകില്ലെന്നും ട്രംപിനോട് മോദി വ്യക്തമാക്കി. അരമണിക്കൂറാണ് ഇരുവരും ഫോണിൽ സംസാരിച്ചത്.

കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാൻ പല അന്താരാഷ്ട്രവേദികളിലും പ്രശ്നമുന്നയിക്കാൻ ശ്രമിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രശ്നം ചർച്ച ചെയ്ത ശേഷം, ഇന്ത്യയും പാക്കിസ്ഥാനും കശ്മീർ പ്രശ്നം ഉഭയകക്ഷിചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാട് ആവ‍ർത്തിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽക്കൂടിയാണ് പ്രധാനമന്ത്രി പ്രസിഡന്‍റ് ട്രംപിനോട് സംസാരിച്ചത്.