മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു; വിടപറഞ്ഞത് ബിജെപിയുടെ കരുത്തനായ നേതാവ്

ന്യൂ ഡൽഹി: മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി(66) അന്തരിച്ചു. സുഷമ സ്വരാജിന് ശേഷം മറ്റൊരു മുൻ നിര നേതാവ് കൂടെ വിട പറയുകയാണ്. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് 12.07 ഓടെയായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് ഒമ്പതിനാണ് അദ്ദേഹത്തെ ദല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങിയവരും ഉന്നത ബി.ജെ.പി നേതാക്കളും ജെയ്റ്റ്‌ലിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായാണ് അരുണ്‍ ജെയ്റ്റ്ലി ശ്രദ്ധേയനായത്. ആദ്യം ധനകാര്യ മന്ത്രാലയത്തിനൊപ്പം പ്രതിരോധവകുപ്പിന്റെയും ചുമതല വഹിച്ചിരുന്നു. അരുണ്‍ ജെയ്റ്റ്ലി ധനമന്ത്രിയായിരുന്ന സമയത്താണ് രാജ്യത്ത് നോട്ടുനിരോധനവും ജി.എസ്.ടി.യും നടപ്പിലാക്കിയത്.

വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 2018 ഏപ്രില്‍ മുതല്‍ നാലുമാസം മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നു. പിന്നീട് 2018 ഓഗസ്റ്റ് 23-നാണ് അരുണ്‍ ജെയ്റ്റ്ലി മന്ത്രാലയത്തില്‍ തിരികെയത്തി ചുമതല ഏറ്റെടുത്തത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

1952 ഡിസംബറില്‍ ദല്‍ഹിയിലാണ് അരുണ്‍ ജെയ്റ്റ്‌ലി ജനിച്ചത്. 1970-കളില്‍ ഡല്‍ഹി സര്‍വകലാശാലയിലെ പഠനകാലത്ത് എബിവിപിയിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശം.1974-ല്‍ ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

മുതിര്‍ന്ന അഭിഭാഷകനായിരുന്ന അരുണ്‍ ജെയ്റ്റ്ലി ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു.

ജെയ്റ്റ്ലിയുടെ ജീവിതത്തിലെ ആദ്യ വഴിത്തിരിവ് തീഹാര്‍ ജയിലിലാണ് തുടങ്ങുന്നത്. അടിയന്തരാവസ്ഥയ്ക്കു മുമ്പ് കരുതല്‍ തടങ്കലിലാക്കിയതിനെതുടര്‍ന്നാണ് അദ്ദേഹം 1975ല്‍ തീഹാര്‍ ജെയിലിലെത്തുന്നത്. 19 മാസംനീണ്ട ജയില്‍ ജീവിതംതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന അധ്യായങ്ങളാണ്.

18 വര്‍ഷത്തോളം രാജ്യസഭയില്‍ ഗുജറാത്തിനെ പ്രതിനിധീകരിച്ച അദ്ദേഹം പിന്നീട് ഉത്തര്‍പ്രദേശില്‍നിന്നും രാജ്യസഭയിലെത്തി. 1999-ലെ വാജ്പേയി സര്‍ക്കാരില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് മന്ത്രിയായി. പിന്നീട് നിയമകാര്യ മന്ത്രാലയത്തിന്റെയും കമ്പനി അഫേഴ്സ് വകുപ്പിന്റെയും ചുമതലയേറ്റെടുത്തു.

ഗതാഗതമന്ത്രാലയത്തെ വിഭജിച്ച് ഷിപ്പിങ് വകുപ്പ് രൂപവത്കരിച്ചപ്പോള്‍ ആദ്യമായി ചുമതല വഹിച്ചതും അരുണ്‍ ജെയ്റ്റ്ലിയായിരുന്നു. രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായും അദ്ദേഹം മികവ് തെളിയിച്ചു. സ്ത്രീ സംവരണ ബില്‍, ലോക്പാല്‍ ബില്‍ തുടങ്ങിയവ സഭയിലെത്തിയപ്പോള്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നു. 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ അമൃത്സറില്‍ മത്സരിച്ചെങ്കിലും നവജ്യോത് സിങ് സിദ്ദുവിനോട് പരാജയപ്പെട്ടു. എന്നാല്‍ രാജ്യസഭാംഗമായ അദ്ദേഹത്തെ ആദ്യ മോദി സര്‍ക്കാരില്‍ ഉള്‍പ്പെടുത്തി. ധനകാര്യ വകുപ്പിന് പുറമേ കോര്‍പ്പറേറ്റ് അഫേഴ്സ്, പ്രതിരോധ മന്ത്രാലയം എന്നിവയുടെയും ചുമതല വഹിച്ചിരുന്നു. പിന്നീട് മനോഹര്‍ പരീക്കറിനെ പ്രതിരോധ മന്ത്രിയായി നിയമിച്ചതോടെ പ്രതിരോധ വകുപ്പിന്റെ ചുമതലയൊഴിഞ്ഞു.

പിന്നീട് 2017 മാര്‍ച്ച് 13 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെയും പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ചു. ഇതുവരെ ഒരു പൊതുതിരഞ്ഞെടുപ്പിലും വിജയിച്ചിട്ടില്ലെന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെ പ്രത്യേകതയാണ്.

ജമ്മു കശ്മീരിലെ മുന്‍ ധനമന്ത്രി ഗിര്‍ദാരി ലാല്‍ ദോഗ്രയുടെ മകള്‍ സംഗീത ജെയ്റ്റ്ലിയാണ് ഭാര്യ. സൊനാലി ജെയ്റ്റ്ലി, റോഹന്‍ ജെയ്റ്റ്ലി എന്നിവര്‍ മക്കളാണ്. പ്രത്യയശാസ്ത്രങ്ങള്‍ക്ക് അതീതമായിരുന്നു അദ്ദേഹത്തിന്റെ സൗഹൃദം.

ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥി നേതാവായിരുന്നകാലം, അടിയന്തിരാവസ്ഥയുടെ മാസങ്ങള്‍, ഡല്‍ഹിയിലെ അഭിഭാഷക ജീവിതം ഇക്കാലങ്ങളിലെല്ലാം തന്നിലേയ്ക്കുവന്ന സൗഹൃദങ്ങളെ എക്കാലത്തും അദ്ദേഹം ചേര്‍ത്തുപിടിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടി വ്യത്യാസം അദ്ദേഹം കണക്കിലെടുത്തില്ല.

ആര്‍എസ്എസിന്റെ ഒരു പ്രധാന അംഗമായിരുന്നില്ല ഒരിക്കലുമദ്ദേഹം. അതേസമയം, സംഘ്പരിവാറിന്റെ സഹയാത്രികനുമായിരുന്നു. ആര്‍എസ്എസിനെ വിമര്‍ശിക്കാനോ അപ്രീതി പിടിച്ചുപറ്റാനോ അദ്ദേഹം മുതിര്‍ന്നിട്ടുമില്ല.