അരുണ്‍ ജയ്റ്റ്‍ലിക്ക് വിട; സംസ്‍കാരം ഇന്ന് വൈകിട്ട്

ന്യൂ ഡൽഹി: അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുൺ ജയ്റ്റ്‍‍ലിയുടെ സംസ്കാരം ഇന്ന് നടക്കും. ദില്ലിയിലെ കൈലാഷ് കോളനിയിലെ വസതിയിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ അന്തിമോപചാരം അർപ്പിച്ചു. ഇതിന് ശേഷം ഭൗതിക ശരീരം ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടുവന്നു. രണ്ട് മണി വരെയാണ് ഇവിടെ പൊതു ദർശനം നിശ്ചയിച്ചിട്ടുള്ളത്.

വൈകിട്ട് നിഗം ബോധ്ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാർ തുടങ്ങി പ്രതിപക്ഷത്തെ നേതാക്കളും സംസ്കാര ചടങ്ങിൽ പങ്കെടുക്കും. വിദേശ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരിമാനിച്ചിരുന്നെങ്കിലും സന്ദർശനം തുടരണമെന്നായിരുന്നു ജയ്റ്റ്‍‍ലിയുടെ കുടുംബം അഭ്യർത്ഥിച്ചത്. അതിനാൽ മോദി സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കില്ല. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും രാജ്യം ജയ്റ്റ്‍‍ലിക്ക് യാത്രയയപ്പ് നൽകുക.