“മലയാള സിനിമയിൽ ജ്വലിക്കുന്നവരെല്ലാം നാടകത്തിൽ നിന്നും വന്നവർ”-സുധീർ കരമന; ആർട്സ് സ്പെയ്സ് നാടക കളരി സമാപിച്ചു

തിരുവനന്തപുരം: പട്ടം കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ആർട്സ് സ്പെയ്സിന്റെ നേതൃത്വത്തിൽ നടന്ന അവധിക്കാല നാടക കളരി സമാപിച്ചു. രണ്ടു മാസം നീണ്ടുനിന്ന നാടക കളരി വ്യത്യസ്തങ്ങളായ കലാപരിപാടികളോട് സമാപനം കുറിക്കുകയായിരുന്നു. പട്ടം ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സമാപന സമ്മേളനം ചലച്ചിത്ര താരം സുധീർ കരമന ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 10ന് ആരംഭിച്ച അവധിക്കാല ക്യാമ്പിൽ വിവിധ ക്ലാസുകൾ, പ്രമുഖരുമായുള്ള ചർച്ചകൾ, സാംസ്‌കാരിക ഇടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു.

സമകാലിക കാലഘട്ടത്തിൽ നാടകത്തിൻറെ പ്രാധാന്യം വളരെ വലുതാണെന്ന് സുധീർ കരമന പറഞ്ഞു. തൻറെ അച്ഛൻ ഉൾപ്പെടെ മലയാള സിനിമയിൽ ജ്വലിച്ചുനിന്ന എല്ലാ താരങ്ങളും അരങ്ങിൽ നിന്നു വന്നവരാണെന്നും അരങ്ങിന് ശക്തി വളരെ വലുതാണെന്നും അദ്ദേഹം സദസിനെ ഓർമിപ്പിച്ചു. കലോത്സവങ്ങളിൽ പങ്കെടുക്കാൻ ആയിട്ടാണ് ഞാൻ കോളേജിൽ ചേർന്നതെന്നും അങ്ങനെ പഠിച്ചാണ് സ്കൂൾ പ്രിൻസിപ്പാൾ ആയി തീർന്നത് എന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കേരള സംഗീതനാടക അക്കാദമി പുരസ്കാര ജേതാവ് കണ്ണൂർ വാസൂട്ടി, കേരള സർവ്വകലാശാല സെൻറർ ഫോർ വിഷ്വൽ ആൻഡ് പെർഫോമിങ് ആർട്സ് ഡയറക്ടർ ഡോ രാജാ വാര്യർ, പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ രത്നകുമാർ, ഫാത്തിമ മാതാ നാഷണൽ കോളേജ് മലയാള വിഭാഗം അധ്യാപകൻ ഡോ പ്രതീഷ് തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പ് ഡയറക്ടർ സതീഷ് ജി നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിശാഖ് സ്വാഗതവും അവന്തിക നന്ദിയും പറഞ്ഞു. തുടർന്ന് നാടകക്കളരിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘ഇനിയൊരു കഥ പറയാം’ എന്ന നാടകം അരങ്ങേറി.