ട്രോളിത്തള്ളേണ്ടയാളല്ല കുമ്മനം

കൊച്ചി മെട്രോ ഉദ്ഘാടന വേളയില്‍ വി.വി.ഐ.പികള്‍ക്കിടയിലുള്ള അപ്രതീക്ഷിത ഇടംനേടല്‍ വഴി കേരളത്തിലെ സംഘ് പരിവാര്‍ വിരുദ്ധരുടെയെല്ലാം രാഷ്ട്രീയ പരിഹാസത്തിന്റെ (ട്രോള്‍) കേന്ദ്രബിന്ദുവായി മാറിയ ബി.ജെ.പി. നേതാവാണ് കുമ്മനം രാജശേഖരന്‍. തുടര്‍ന്ന് അറിഞ്ഞോ അറിയാതെയോ അദ്ദേഹം നടത്തിയ അസംബന്ധമെന്നു തോന്നിക്കുന്ന പ്രസ്താവനകള്‍ ട്രോളുകളുടെ പെരുമഴ തന്നെ സൃഷ്ടിക്കുകയുണ്ടായി. കുമ്മനടി, കുമ്മനാകല്‍ തുടങ്ങിയ ട്രോള്‍ പദങ്ങള്‍ പോലും സാമൂഹ്യമാധ്യമ മലയാളത്തില്‍ പുതുതായി ഉണ്ടായി. ഏറ്റവുമൊടുവില്‍ സ്വന്തം പാര്‍ട്ടിയുടെ പ്രവര്‍ത്തകരെപ്പോലും അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം മിസോറാം ഗവര്‍ണറായി നിയമിക്കപ്പെട്ടപ്പോഴും ട്രോള്‍ മഴ തുടരുകയാണ്. അദ്ദേഹം ഈ പദവിക്കു ചേരാത്തവനാണെന്ന തരത്തിലാണ് ട്രോളുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുത്.
യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലൊരാളാണോ കുമ്മനം? അല്ലെന്നതാണ് സത്യം. കേരളത്തില്‍ അടുത്തകാലത്ത് ബി.ജെ.പി ചെറിയ തോതിലെങ്കിലും ഉണ്ടാക്കിയെടുത്ത പ്രത്യശാസ്ത്രപരവും സംഘടനാപരവുമായ മുേന്നറ്റത്തിനു വലിയ തോതില്‍ ഊര്‍ജം പകര്‍ന്ന നേതാവാണ് അദ്ദേഹം. ബി.ജെ.പി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ വരവ് പലര്‍ക്കും അപ്രതീക്ഷിതമായിരുന്നെങ്കിലും കൃത്യമായ കണക്കുകൂട്ടലോടെ തന്നെയാണ് സംഘ്പരിവാര്‍ അദ്ദേഹത്തെ നേതൃത്വത്തിലേക്കു കൊണ്ടുവന്നത്. കേരളത്തിലെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രയാണവഴിയില്‍ തടഞ്ഞുനിന്ന പാര്‍ട്ടിക്ക് മുന്നോട്ടു കുതിക്കാന്‍ ഇത്തരമൊരു മുഖം വേണമെന്നു മനസിലാക്കിത്തെന്നയാണ് സൈദ്ധാന്തികനായി തികഞ്ഞ സംഘിയാണെങ്കിലും പാര്‍ട്ടിയുടെ ഉയര്‍ന്ന ഘടകങ്ങളിലൊന്നും ഇടമില്ലാതിരുന്ന കുമ്മനത്തെ അവര്‍ സംസ്ഥാന അദ്ധ്യക്ഷനായി അവരോധിച്ചത്.

കേരളത്തിലെ പ്രധാന രാഷ്ട്രീയകക്ഷികളുടെ സമുന്നത നേതാക്കളില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തനാണ് കുമ്മനം. വലിയ നേതാക്കളുടെ വ്യക്തിപ്രഭാവമൊന്നുമില്ല. സ്വന്തമെന്നു പറയാന്‍ കുടുംബമില്ല. കയറിക്കിടക്കാന്‍ ഒരു വീടുപോലുമില്ല. സംഘ്പരിവാര്‍ സംഘടനകളുടെ ഓഫീസുകളിലാണ് അന്തിയുറക്കം. സ്വന്തമായി സമ്പാദ്യമില്ല. കാഴ്ചയില്‍ തന്നെ സഹതാപം തോന്നിക്കുന്ന ദൈന്യരൂപം. കളങ്കമായി ആര്‍ക്കും ഒന്നും ചൂണ്ടിക്കാണിക്കാനില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും സംഘ്പരിവാറിന്റെ ഹിന്ദുത്വ വര്‍ഗീയ ഫാസിസ്റ്റ് പ്രത്യശാസ്ത്രത്തിന്റെ അടിയുറച്ച വക്താവാണ് കുമ്മനം. അതങ്ങനെയാണ്. ഫാസിസ്റ്റ് പ്രത്യശാസ്ത്രങ്ങളുടെ നായകരിലധികവും ഇങ്ങനെയൊക്കെ തെന്നയായിരുന്നെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇന്ത്യ കണ്ട ഏറ്റവും മികച്ച വര്‍ഗീയ ഫാസിസ്റ്റ് ഭരണാധികാരിയായിരുന്ന ഔറംഗസീബടക്കം ലോകത്തെ പല ഫാസിസ്റ്റ് പ്രസ്ഥാന നായകരും ലളിതജീവിതം നയിച്ചവരായിരുന്നു. അങ്ങനെ എല്ലാംകൊണ്ടും കുമ്മനം കേരളത്തില്‍ പാര്‍ട്ടിക്കു ലക്ഷണമൊത്തൊരു നേതാവായി ദേശീയ നേതൃത്വത്തിനു തോന്നിയതില്‍ ഒട്ടുമില്ല അത്ഭുതം.

ആ തെരഞ്ഞെടുപ്പ് ഒട്ടും പിഴച്ചില്ലെന്നാണ് വര്‍ത്തമാനകാല കേരള രാഷ്ട്രീയം സാക്ഷ്യപ്പെടുത്തുന്നത്. ആര്‍.എസ്.എസിന്റെയും മറ്റു സംഘ്പരിവാര്‍ സംഘടനകളുടെയും സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും ബി.ജെ.പിക്കു വേരുപിടിക്കാന്‍ ഏറെ പ്രയാസമുള്ള മണ്ണായിരുന്നു ദേശീയപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഐതിഹാസിക സമരചരിത്രമുള്ള കേരളം. അതുകൊണ്ടു തന്നെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര ആണിക്കല്ലുകളായ മതന്യൂനപക്ഷ വിരുദ്ധത, ദളിത് വിരുദ്ധത, സംവരണ വിരുദ്ധത, ഇതര ചിന്താധാരകളോടുള്ള അസഹിഷ്ണുത തുടങ്ങിയവയ്‌ക്കൊന്നും എളുപ്പത്തില്‍ സ്വീകാര്യത നേടാവുന്ന സാമൂഹ്യാന്തരീക്ഷമായിരുന്നില്ല കേരളത്തിലേത്. അതു മനസിലാക്കി തന്നെയാണ് ബി.ജെ.പിക്ക് കഴിഞ്ഞ ദശകങ്ങളില്‍ കേരളത്തില്‍ അവര്‍ ഒരിക്കലും അംഗീകരിക്കാത്ത മതേതരത്വവും ചില ഘട്ടങ്ങളില്‍ സോഷ്യലിസം പോലും പറയേണ്ടി വന്നത്. അതെല്ലാം മാറ്റിമറിച്ച് ഹൈന്ദവസമൂഹത്തില്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിനു കൂടുതല്‍ സ്വീകാര്യത നേടിക്കൊടുക്കാന്‍ സാധിച്ചു എന്നതാണ് കുമ്മനത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി കൈവരിച്ച നേട്ടം.

കേരളീയ രാഷ്ട്രീയ പൊതുബോധത്തില്‍ ഏറെക്കുറെ വില്ലന്‍ പരിവേഷമുണ്ടായിരുന്ന സവര്‍ണത്വത്തിന് ഹിന്ദുക്കളില്‍ വലിയൊരു വിഭാഗത്തിനിടയില്‍ ഇര പരിവേഷം സൃഷ്ടിച്ചടെക്കുന്നതില്‍ കുമ്മനം വഹിച്ച പങ്ക് വലുതാണ്. സവര്‍ണ സമുദായത്തില്‍ ജനിച്ചവനെങ്കിലും ദൈന്യതയുടെ പര്യായമെന്നു തോന്നിക്കുന്ന രൂപഭാവങ്ങളോടെ അദ്ദേഹം സമൂഹത്തിലിറങ്ങി രാഷ്ട്രീയം പറഞ്ഞുതുടങ്ങിയപ്പോള്‍ സവര്‍ണ സ്വത്വം കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ സ്വീകാര്യത നേടിയെടുക്കുകയായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ശത്രുക്കള്‍ അദ്ദേഹത്തിനു നേരെ എയ്തുവിട്ട ട്രോളുകളോരോന്നും സവര്‍ണ ഹൈന്ദവ സമൂഹത്തിനു നേരെയുള്ള ആക്രമണ ശരങ്ങളായി പരക്കെ വ്യാഖാനിക്കപ്പെട്ടു. നെഗറ്റീവ് പബ്ലിസിറ്റിയുടെ സാധ്യതകള്‍ അദ്ദേഹം പരമാവധി പാര്‍ട്ടിക്കായി പ്രയോജനപ്പെടുത്തി. അതോടെ സവര്‍ണ ഹിന്ദുത്വവാദം ബി.ജെ.പിയില്‍ മാത്രമല്ല കേരളീയ സമൂഹത്തില്‍ മൊത്തത്തില്‍ തന്നെ അന്തസു കൈവരിച്ച് സ്വാധീനം ചെലുത്തിത്തുടങ്ങി.

ഇന്നിപ്പോള്‍ കേരളത്തിലെ ബി.ജെ.പിക്ക് പഴയതുപോലെ അഭിപ്രായങ്ങളും ലക്ഷ്യങ്ങളും മറച്ചുവയ്‌ക്കേണ്ട ഗതികേടില്ല. ഇന്നവര്‍ ന്യൂനപക്ഷ വിരുദ്ധതയും സംവരണ വിരോധവും സവര്‍ണവാദവുമൊക്കെ പച്ചയ്ക്കു വിളിച്ചുപറയുന്നു. മാത്രമല്ല കേരളത്തിലെ മതേതര കക്ഷികള്‍ ചില ഘട്ടങ്ങളില്‍ വാക്കിലും പ്രവൃത്തിയിലുമൊക്കെ ഹിന്ദുത്വ പരിവേഷം എടുത്തണിയാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സ്വന്തം പാര്‍ട്ടിയെ പൂര്‍ണമായും മറവില്ലാത്ത തീവ്ര ഹിന്ദുത്വ വര്‍ഗീയതയിലേക്കു മാറ്റിയെടുക്കാനും ചില മതേതര കക്ഷികളില്‍ പോലും ആ പ്രത്യയശാസ്ത്രത്തിനു സ്വീകാര്യത നേടിക്കൊടുക്കാനും കുമ്മനത്തിനു സാധിച്ചു. അത്തരമൊരു സാമൂഹ്യാന്തരീക്ഷത്തില്‍ ബി.ജെ.പിയുടെ ജനപിന്തുണയില്‍ വര്‍ധനയുണ്ടാകുകയും ചെയ്തു. അതാണ് കേരള രാഷ്ട്രീയത്തിലെ കുമ്മനം ഇഫക്റ്റ്. അതൊരു ചെറിയ കാര്യമല്ല.