അര്‍ണബിന്റെ വ്യാജവാര്‍ത്ത; മൂന്ന് യുവാക്കള്‍ ജയിലില്‍ കഴിഞ്ഞത് രണ്ട് വര്‍ഷം

ഹൈദരാബാദ്: ഹൈദരാബാദില്‍ ഐഎസിന് സഹായം ചെയ്തുകൊടുത്തെന്ന റിപ്പബ്ലിക് ചാനലിന്റെ വാര്‍ത്തയെത്തുടര്‍ന്ന് അറസ്റ്റിലായ മൂന്ന് യുവാക്കളെ പ്രത്യേക അന്വേഷണ വിഭാഗം രണ്ട് വര്‍ഷത്തിന് ശേഷം മോചിപ്പിച്ചു. ചാനലിന്റെ വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. പോലീസ് അന്വേഷണത്തിലും കഠിന തടവിലും കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ മോചിതരായിരിക്കുന്നത്.

ഇന്ത്യയിലെ ഐഎസിന്റെ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം ഹൈദരാബാദ് ആണെന്ന തരത്തില്‍ റിപ്പബ്ലിക് ചാനലില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സിറ്റിയിലെ യുവാക്കള്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നായിരുന്നു വാര്‍ത്തകള്‍. അബ്ദുള്ള ബേസിത്, സല്‍മാന്‍ മൊഫിയുദ്ദീന്‍ ഖദ്രി, ഹന്നന്‍ ഖുറേഷി എന്നീ മൂന്ന് യുവാക്കള്‍ ഐഎസ് വക്താക്കളാണെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് പോലീസ് മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

സിറിയയിലെ ഐഎസ് ആക്രമണവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും ഐഎസ് തലവനായ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. പ്രത്യേക വാര്‍ത്തയായാണ് റിപ്പബ്ലിക് ഈ വ്യാജ വാര്‍ത്ത നല്‍കിയത്. ഒളിക്യാമറയിലൂടെ പകര്‍ത്തിയ ദൃശ്യങ്ങളാണ് വാര്‍ത്തയിലുണ്ടായിരുന്നത്.

അറസ്റ്റ് ചെയ്ത് വര്‍ഷമിത്രയായിട്ടും മൂവരുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് ഒരു ഉന്നതോദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഇവര്‍ അപ്പോഴും അന്വേഷണത്തിന് കീഴിലായിരുന്നു. അന്വേഷണം ആരംഭിച്ചതിന് ശേഷം ഫോറന്‍സിക് പരിശോധനയ്ക്കായി വാര്‍ത്തയ്ക്കാധാരമായ യഥാര്‍ഥ ദൃശ്യങ്ങള്‍ സമര്‍പ്പിക്കുവാന്‍ പ്രത്യേക അന്വേഷണ വിഭാഗം രണ്ട് തവണ ചാനലിനോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടറോട് അന്വേഷണത്തിനായി എത്തണമെന്നും പറഞ്ഞിരുന്നു.

ചാനല്‍ മാനേജ്‌മെന്റ് ദൃശ്യങ്ങളും ഇന്‍ര്‍വ്യൂവിന്റെ പകര്‍പ്പും അയച്ചുകൊടുത്തിരുന്നെങ്കിലും അന്വേഷണ സംഘത്തിന് ആവശ്യം എഡിറ്റ് ചെയ്യാത്ത പകര്‍പ്പായിരുന്നു. അത് ലഭിച്ചില്ലെന്ന് മാത്രമല്ല, വാര്‍ത്ത പുറത്തുവിട്ട റിപ്പോര്‍ട്ടറിനെയും കാണാന്‍ കഴിഞ്ഞില്ല.

വാര്‍ത്ത പുറത്തുവന്നയുടന്‍ തന്നെ ഹൈദരാബാദ് പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി 121(A), 124(A) എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം മൂന്ന് പേരേയും വെറുതെ വിടുകയായിരുന്നു.