വാട്ട് ദ ഹെല്‍ ഈസ് ഗോയിങ് ഓണ്‍? രാഹുല്‍ ഈശ്വറിനെ എടുത്തുടുത്ത് അര്‍ണബ്…റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ചവര്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് രാഹുല്‍ ഈശ്വര്‍

പമ്പ: ശബരിമലയിലെ സ്ത്രീ പ്രവേശനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയ്ക്കും സംഘത്തിനും നേരെ ആക്രമണമുണ്ടായതില്‍ രാഹുല്‍ ഈശ്വറിനെ ചോദ്യം ചെയ്ത് റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. ദേശീയ ചാനലായ റിപ്പബ്ലിക് ടിവിയുടെ വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിനെക്കുറിച്ച് അവിടെ നടക്കുന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രാഹുല്‍ ഈശ്വറിനെ ചര്‍ച്ചയില്‍ ചോദ്യം ചെയ്ത് അദ്ദേഹം രംഗത്തെത്തി.


എന്ത് തരം ഭക്തിയാണ് ഇത്..എന്ത് ഭക്തന്മാരാണ് അവര്‍..സ്ത്രീകളെ ആക്രമിക്കുന്നതാണോ ഭക്തി..അവിടെ എന്താണ് നടക്കുന്നത്? എന്റെ ഈ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ ഉത്തരം തന്നേ മതിയാകൂ എന്ന് അര്‍ണബ് പറഞ്ഞു. എന്റെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നു എന്ന് രാഹുലിനോട് അര്‍ണബ് ചോദിച്ചു. ഇതിന് മറുപടിയായി റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ചവര്‍ക്കെതിരെ താന്‍ തന്നെ കേസ് കൊടുക്കുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. റിപ്പബ്ലിക്ക് ചാനലിന്റെ റിപ്പോര്‍ട്ടര്‍മാരെ നിലയ്ക്കലില്‍ വെച്ച് പ്രതിഷേധ സമരക്കാര്‍ ആക്രമിച്ചിരുന്നു. കാറിനകത്തുണ്ടായിരുന്ന റിപ്പബ്ലിക് ടിവി ദക്ഷിണേന്ത്യ ബ്യൂറോ ചീഫ് പൂജ പ്രസന്നയ്ക്ക് നേരെ ആക്രമണം നടത്തിയവര്‍ ഭീഷണിയും ഉയര്‍ത്തി. കലാപഭീതിയുണര്‍ത്തിയ പ്രതിഷേധക്കാര്‍ വാഹനം അടിച്ചുതകര്‍ത്തു. മുഖം മറച്ചാണ് പ്രതിഷേധക്കാരില്‍ പലരും ആക്രമണം നടത്തിയത്.

ദ് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത എസ് ബാലനെ ബസ്സില്‍ നിന്ന് ഇറക്കിവിട്ടു. സരിതയെ കൈയേറ്റം ചെയ്ത പ്രതിഷേധക്കാര്‍ തെറിവിളിയ്ക്കുകയും ചെയ്തു. സരിത ഇപ്പോള്‍ നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനിലാണ്.