യുദ്ധത്തിന് മൂര്‍ച്ചകൂട്ടാനായി എയര്‍ കാവല്‍റി യുമായി കരസേന

ജയ്പൂര്‍: എയര്‍ കാവല്‍റി  സംവിധാനം പരീക്ഷിക്കാനൊരുങ്ങി കരസേന. ടാങ്കുകളും കവചിത വാഹനങ്ങളും ഉപയോഗിച്ചുള്ള സൈനിക മുന്നേറ്റങ്ങള്‍ക്കു കൂടുതല്‍ വേഗവും സുരക്ഷയും ഉറപ്പാക്കാന്‍ ഒപ്പം സായുധ ഹെലികോപ്റ്ററുകള്‍കൂടി ഉപയോഗിക്കുന്ന രീതിയാണിത്.

മറഞ്ഞിരിക്കുന്ന ശത്രുക്കളെ നേരത്തെ കണ്ടുപിടിക്കാനും നിര്‍വീര്യമാക്കാനും ഹെലികോപ്റ്ററുകള്‍ ഉപകരിക്കും. ഇതുമൂലം ടാങ്കുകള്‍ക്കും സൈനിക യൂണിറ്റുകള്‍ക്കും കൂടുതല്‍ മുന്നേറാന്‍ സാധിക്കും. രാജാസ്ഥാനില്‍ നടത്തിയ വിജയ് പ്രഹര്‍  സൈനികാഭ്യാസങ്ങളുടെ ഭാഗമായിട്ടായിരുന്നു പരീക്ഷണം.

വിയറ്റ്‌നാം യുദ്ധത്തില്‍ യുഎസ് സൈന്യമാണ് എയര്‍ കാവല്‍റി  ദൗത്യങ്ങള്‍ ആദ്യമായി പരീക്ഷിച്ചത്. മരുഭൂമിയില്‍ മാത്രമല്ല, മലനിരകള്‍ നിറഞ്ഞ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും പുതിയ സംവിധാനം ഇന്ത്യന്‍ സൈന്യത്തിനു മേല്‍ക്കൈ നല്‍കുമെന്നാണ് വിലയിരുത്തല്‍.