കവളപ്പാറയില്‍ സെെന്യം രക്ഷാപ്രവര്‍ത്തനം തുടങ്ങി; രാഹുൽ ഇന്ന് സന്ദർശനത്തിനായി എത്തും

നിലമ്പൂര്‍: ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടമുണ്ടായ നിലമ്പൂര്‍ കവളപ്പാറയില്‍ തിരച്ചിലിനായി സൈന്യമെത്തി. മരങ്ങള്‍ മുറിച്ചുമാറ്റിയും മണ്ണുനീക്കിയുമാണ് ഇവിടെ തിരച്ചില്‍ നടക്കുന്നത്. കാലാവസ്ഥ അനുകൂലമായത് തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ സഹായകരമാകുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ കണക്കുക്കൂട്ടല്‍. സൈന്യത്തിനൊപ്പം ദേശീയ ദുരന്തനിവാരണ സേനയും നാട്ടുകാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും തിരച്ചിലില്‍ പങ്കെടുക്കുന്നു.

ഇതുവരെ ഒന്‍പത് പേരുടെ മൃതദേഹങ്ങളാണ് കവളപ്പാറയില്‍നിന്ന് കണ്ടെടുത്തത്. എന്നാല്‍ ഒരാഴ്ചയോളം ശ്രമിച്ചാലും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനാകുമോ എന്നതിലും ആശങ്കയുണ്ട്. വാണിയമ്പുഴയില്‍ കുടുങ്ങിയ 200-ഓളം പേരെ പുറത്തെത്തിക്കാന്‍ ഞായറാഴ്ച രാവിലെ മുതല്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ സമഗ്രരക്ഷാപ്രവര്‍ത്തനം ആരംഭിക്കും.

54 പേരാണ് ഇപ്പോഴും കവളപ്പാറയില്‍ മണ്ണിനടിയിലുള്ളതെന്നാണ് കണക്ക്. അതിൽ 20 പേർ കുട്ടികളാണ്. ദുരന്തം നടന്ന് മൂന്ന് ദിവസം കഴിയുമ്പോൾ കണ്ടെത്തിയത് 9 മൃതദേഹം മാത്രം. കാണാതായവരെ എല്ലാം കണ്ടെത്തും വരെ രക്ഷാ പ്രവര്‍ത്തനം തുടരണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം. സൈന്യം ഇറങ്ങിയെങ്കിലും അത്രമേൽ ഇല്ലാതായിപ്പോയ ഒരിടത്തു നിന്ന് എങ്ങനെ രക്ഷാപ്രവര്‍ത്തനം തുടങ്ങണമെന്നുപോലും അറിയാൻ കഴിയാത്ത ദുരവസ്ഥയാണ് ഇപ്പോഴും കവളപ്പാറയിൽ.

കനത്ത മഴക്ക് പുറമെ പലതവണ പിന്നെയും പ്രദേശത്ത് ഉരുൾപ്പൊട്ടലുമുണ്ടായി. മാത്രമല്ല ഒന്നര കിലോമീറ്ററോളം മണ്ണിടിഞ്ഞ് പരന്ന് പോയ അവസ്ഥയിലാണ്. പലപ്രദേശങ്ങളിലും വീടു നിന്നിരുന്ന ഭാഗത്ത് രണ്ടും മൂന്നും മീറ്റര്‍ ഉയരത്തിൽ മണ്ണ് അടിഞ്ഞ അവസ്ഥയാണ്. അതുകൊണ്ടു തന്നെ വീടുകൾക്കകത്ത് അകപ്പെട്ടുപോയവരെ കണ്ടെത്താൻ സൂക്ഷമതയോടെയുള്ള രക്ഷാ പ്രവര്‍ത്തനം ആണ് ഉണ്ടാകേണ്ടത് എന്നാണ് വിലയിരുത്തൽ .

വയനാട് എംപി രാഹുൽ ഗാന്ധി ഇന്ന് ദുരന്തമേഖലയിൽ സന്ദര്‍ശനത്തിന് എത്തുന്നുണ്ട്. നിലമ്പൂര്‍ കവളപ്പാറ മേഖലയിലാണ് രാഹുൽ ഗാന്ധിയുടെ ആദ്യ സന്ദര്‍ശനം. ഉരുൾപ്പൊട്ടൽ മേഖലയിലേക്ക് എത്തുന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പുത്തുമലയിൽ മഴ ഇന്നും രക്ഷാ പ്രവർത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്. പക്ഷെ ഗതാഗത സംവിധാനങ്ങൾ ഭാഗികമായി പുന:സ്ഥാപിക്കാനായത് ആശ്വാസമാണ്. കൂടുതൽ ആളുകളും സേനയും രക്ഷാദൗത്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

വയനാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിൽ ലഭിച്ചത് 62 എം എം മഴയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ശരാശരി 200 എം എം വരെയായിരുന്നു മഴയുടെ തോത്. മഴ മൂന്നിലൊന്നായി കുറഞ്ഞത് വയനാടിന് വലിയ ആശ്വാസമാകുന്നുണ്ട്.