ചൈന ശക്തമായ രാജ്യമായിരിക്കും; പക്ഷെ ഇന്ത്യ ദുര്‍ബലമായ രാജ്യമല്ലെന്ന് സേനാ മേധാവി

ദില്ലി: രാജ്യത്തിന്റെ അതിര്‍ത്തിയില്‍ കടന്നുകയറ്റം നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്. ചൈന അതിശക്തമായ രാഷ്ട്രമായിക്കാം, പക്ഷെ ഇന്ത്യ ദുര്‍ബലമായ ഒരു രാജ്യമല്ലെന്ന് കൂടി ഓര്‍മ്മിക്കണമെന്നും സൈനിക മേധാവി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ വടക്ക് ഭാഗത്തെ അതിര്‍ത്തിയിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയുടെ ശക്തിപ്രയോഗങ്ങളെ ചെറുക്കാന്‍ രാജ്യത്തിന് സാധിച്ചെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. മേഖലയില്‍ സ്വാധീനം ശക്തമാക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തിവരുന്നതെങ്കിലും അയല്‍രാജ്യങ്ങള്‍ അവര്‍ക്കൊപ്പം കൂട്ടുകൂടി അകന്നുപോകുന്നത് അനുവദിക്കാന്‍ കഴിയില്ല. ചൈന ശക്തമായ രാജ്യമാണ് പക്ഷെ ഇന്ത്യ ദുര്‍ബലമായ രാജ്യമല്ല, റാവത്ത് വ്യക്തമാക്കി.

bipin
രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ആരുടെയും കടന്നുകയറ്റം അനുവദിക്കില്ലെന്നും ചൈനയുടെ നീക്കങ്ങളെക്കുറിച്ച് സൈനിക മേധാവി പ്രതികരിച്ചു. പാകിസ്ഥാന്‍ തീവ്രവാദം കൈകാര്യം ചെയ്യുന്ന രീതിയില്‍ യുഎസ് നല്‍കിയ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലുള്ള ആഘാതങ്ങള്‍ കാത്തിരുന്ന് കാണണം. ഉപയോഗിച്ച് തള്ളുന്ന ഉത്പന്നമാണ് അയല്‍ക്കാര്‍ക്ക് തീവ്രവാദികള്‍. കെമിക്കല്‍, ബയോളജിക്കല്‍, റേഡിയോളജിക്കല്‍, ന്യൂക്ലിയര്‍ ആയുധങ്ങളുടെ ഭീഷണി ഇപ്പോള്‍ യാഥാര്‍ത്ഥ്യമാണെന്നും റാവത്ത് വ്യക്തമാക്കി.

ഇതുപയോഗിച്ചാല്‍ തിരിച്ചുവരവ് എളുപ്പമാകില്ല. ഇതിനെ പ്രതിരോധിക്കാന്‍ ആവശ്യമായ നൂതന സുരക്ഷാ ഉപകരണങ്ങളും, സിസ്റ്റവും വികസിപ്പിച്ച് സൈനികര്‍ക്ക് പരിശീലനവും നല്‍കണം. ഡിആര്‍ഡിഒ ഈ പ്രതിരോധ സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വിജയിക്കുമെന്നും സൈനിക മേധാവി പ്രതീക്ഷ പ്രകടിപ്പിച്ചു.