അര്‍ജന്റീന ചാരത്തില്‍ നിന്ന് പറന്നുയരുന്ന ഫിനീക്‌സ് പക്ഷിയാവുമോ?

ആരാധകര്‍ കൊതിക്കുന്നു, ഫുട്ബാള്‍ ബിസിനസ്സുകാര്‍ തന്ത്രങ്ങള്‍ മെനയുന്നു.

ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ പട്ടടയില്‍ ശവദാഹ സ്ഥിതിയില്‍ കിടക്കുന്ന അര്‍ജന്റീനയ്ക്ക് ഇനിയൊരു പുനര്‍ജന്മം ഉണ്ടാകുമോ? ചിതയില്‍ നിന്ന് ഫിനീക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്നുവന്ന പാരമ്പര്യമുള്ള ആ രാജ്യത്തിന് ഇനിയും പ്രതീക്ഷ കല്പിക്കുന്നവരുണ്ട്.
ഗ്രൂപ്പില്‍ ഇപ്പോഴത്തെ നില ഇങ്ങനെയാണ്. രണ്ട് കളി കഴിഞ്ഞത് രണ്ട് ടീമിനു മാത്രമാണ്. ക്രൊയേഷ്യ രണ്ടു കളിയിലും ജയിച്ച് ആറു പോയിന്റുമായി പ്രീക്വാര്‍ട്ടറില്‍ കടന്നു. രണ്ട് കളിയില്‍ ഒന്ന് തോല്‍ക്കുകയും ഒന്ന് സമനില പിടിക്കുകയും ചെയ്തതിനാല്‍ അര്‍ജന്റീനയ്ക്ക് ഒരു പോയിന്റ് മാത്രമാണുള്ളത്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍ക്കും പ്രീക്വാര്‍ട്ടറിലെത്താം. ആരായിരിക്കും ആ രണ്ടാം സ്ഥാനക്കാര്‍?
ഇനി രണ്ട് കളി വീതമുള്ളത് ഐസ് ലാന്‍ഡിനും നൈജീരിയക്കുമാണ്. അതില്‍ ഐസ്ലാന്‍ഡും നൈജീരിയയും തമ്മിലുള്ള കളി ഇന്നു രാത്രിയാണ്. അതില്‍ ഐസ് ലാന്‍ഡ് ജയിച്ചാല്‍ മൊത്തം പോയിന്റ് 4 ആകും. നൈജീരിയ ജയിച്ചാല്‍ മൂന്നു പോയിന്റാകും. സമനിലയായാല്‍ ഐസ് ലാന്‍ഡിന് രണ്ടുപോയിന്റും നൈജീരിയക്ക് ഒരു പോയിന്റുമാകും. ക്രൊയേഷ്യ ഇനി കളിക്കേണ്ടത് ഐസ് ലാന്‍ഡുമായിട്ടാണ്. അര്‍ജന്റീനയെ സമനില പിടിച്ച ടീമാണ് ഐസ് ലാന്‍ഡ് എങ്കിലും അര്‍ജന്റീനക്കെതിരെ കളിച്ച കളി പുറത്തെടുത്താല്‍ ക്രൊയേഷ്യക്ക് ജയിക്കാം. അങ്ങനെ വരുമ്പോള്‍ അവര്‍ക്ക് ഒമ്പതു പോയിന്റ് ലഭിക്കും.
ഇന്നത്തെ കളി കഴിഞ്ഞാല്‍ ഗ്രൂപ്പില്‍ ഇനി അവശേഷിക്കുന്നത് രണ്ടു മൂന്നു കളികളാണ്. 26ന് നൈജീരിയ അര്‍ജന്റീനയെ നേരിടും. അന്നുതന്നെ ഐസ് ലാന്‍ഡ് ക്രൊയേഷ്യയെയും നേരിടും. അന്നറിയാം അര്‍ജന്റീനയുടെ ഭാവി.
നൈജീരിയയെ വലിയ ഗോള്‍ മാര്‍ജിനില്‍ അര്‍ജന്റീന തോല്പിക്കുകയും ഇനിയുള്ള ഒരു കളി ക്രൊയേഷ്യ ജയിക്കുകയും ഐസ് ലാന്‍ഡ് രണ്ടിലൊന്ന് കളി തോല്‍ക്കുകയും ചെയ്താല്‍ അര്‍ജന്റീനയ്ക്ക് ഗ്രൂപ്പില്‍ രണ്ടാമതായി പ്രീക്വാര്‍ട്ടറില്‍ കടക്കാം.
അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ ആരാധകര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുമ്പോള്‍, അന്താരാഷ്ട്ര തലത്തില്‍ ഫുട്ബാളിനെ കച്ചവടച്ചരക്കാക്കിയിട്ടുള്ള ടെലിവിഷന്‍ ചാനലുകള്‍ എങ്ങനെയെങ്കിലും അര്‍ജന്റീനയെ അടുത്ത റൗണ്ടില്‍ കൊണ്ടുവരാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ്. അര്‍ജന്റീന പുറത്തായാല്‍ കളിയുടെ എല്ലാ ചാരുതയും പോകും. മെസ്സി ആരാധകര്‍ ടി.വി പൂട്ടി വേറെ പണിക്കുപോകും. അങ്ങനെയായാല്‍ സംപ്രേഷണാവകാശം അനേക കോടികള്‍ക്കെടുത്തിട്ടുള്ള മാധ്യമഭീമന്മാര്‍ക്ക് കനത്ത നഷ്ടം വരും.