അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആത്മഹത്യാകുറിപ്പ് എഴുതിവച്ച യുവാവിനെ കാണാനില്ല

കോട്ടയം: അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആത്മഹത്യാകുറിപ്പ് എഴുതിവച്ച യുവാവിനെ കാണാതായി. കോട്ടയം അരുമാനൂര്‍ സ്വദേശി ഡിനു അലക്‌സ് (30) ആണ് കുറിപ്പ് എഴുതി വച്ച് കാണാതായത്. മീനച്ചിലാറ്റില്‍ ചാടിയതാണെന്ന് സംശയിക്കുന്നു. ഫയര്‍ഫോഴ്‌സ് തിരച്ചിലാരംഭിച്ചു.

ഇന്ന് പുലര്‍ച്ചെ ഒന്നര വരെ നീണ്ട മത്സരം കണ്ടശേഷം വളരെ നിരാശനായിരുന്നു ഡിനു എന്ന് കൂട്ടുകാര്‍ പറയുന്നു. ക്രൊയേഷ്യ അര്‍ജന്റീനയെ മൂന്നുഗോളിന് തകര്‍ത്തുവിട്ടിരുന്നു. ‘ഞാന്‍ ധാരാളം കണ്ടു. ഇനി എനിക്ക് ലോകത്തൊന്നും കാണാനില്ല. ആഴങ്ങളിലേക്ക് പോകുകയാണ്’ വീട്ടില്‍ എഴുതി വച്ച കത്തില്‍ ഡിനു പറയുന്നത്. മെസ്സിയുടെ കടുത്ത ആരാധകനായിരുന്നു ഡിനു എന്ന് കൂട്ടുകാര്‍ പോലീസിന് മൊഴി നല്‍കി. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലെ അംഗമാണ്.

പി.എസ്.സി റാങ്ക് ലിസ്റ്റില്‍ സ്ഥാനംപിടിച്ച ഡിനു ജോലി കിട്ടുന്നതും കാത്തിരിക്കുകയായിരുന്നുവെന്ന് അച്ഛന്‍ അലക്‌സാണ്ടര്‍ പറഞ്ഞു.
പുലര്‍ച്ചെ നാലരയോടെ വീട്ടില്‍ നിന്നിറങ്ങി തൊട്ടടുത്തുള്ള മീനച്ചിലാറ്റിലേക്ക് ചാടിയെന്നാണ് സംശയിക്കുന്നത്. രാവിലെ വീടുതുറന്നു കിടക്കുന്നതു കണ്ട വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ ഡിനുവിനെ കാണാനില്ലായിരുന്നു. അപ്പോഴാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നായയെ കൊണ്ടുവന്നു. നായ മീനച്ചിലാറ്റിന്റെ കര വരെ മണപ്പിച്ചുചെന്നു. ഫയര്‍ഫോഴ്‌സ് എത്തി തിരച്ചില്‍ നടത്തുകയാണ്. തുടര്‍ച്ചയായ മഴ കാരണം നല്ല ഒഴുക്കുണ്ട്.