ടീം അംഗങ്ങളെ പ്രഖ്യാപിച്ച് അര്‍ജന്റീനയും ബ്രസീലും

മോസ്‌ക്കോ: റഷ്യന്‍ ലോകകപ്പിനായി അര്‍ജന്റീനയും ബ്രസീലും ടീം അംഗങ്ങളെ പ്രഖ്യാപിച്ചു. ബ്രസീല്‍ 23 അംഗ ടീമിനെയും അര്‍ജന്റീന 35 അംഗ ടീമിനെയുമാണ് പ്രഖ്യാപിച്ചത്. അര്‍ജന്റീനന്‍ ടീമില്‍ റിവര്‍പ്ലേറ്റ് ഗോള്‍കീപ്പര്‍ ഫ്രാങ്കോ അര്‍മാനി, റെയ്‌സിങിന്റെ മിഡ്ഫീല്‍ഡര്‍ റിക്കാര്‍ഡോ സെഞ്ച്യൂറിയന്‍ , സ്‌പോര്‍ട്ടിംങ് മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ബറ്റാഗ്ലിയ എന്നിവര്‍ പുതുമുഖങ്ങളാണ്.

മെസ്സി , ഡിബാല, ഇക്കാര്‍ഡി, അഗ്വേറി, ഡിമരിയ, ഹിഗ്വെയിന്‍ എന്നിവര്‍ അടങ്ങുന്ന അറ്റാക്കിങ് നിരതന്നെയാകും അര്‍ജന്റീനയുടെ ശക്തി. നൈജീരിയ, ഐസ്‌ലന്‍ഡ്, ക്രൊയേഷ്യ എന്നിവര്‍ക്കൊപ്പമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീന കളിക്കേണ്ടത്.

നെയ്മര്‍, കുട്ടീന്യോ, ഫെര്‍മീന്യോ, വില്ല്യന്‍, പൗളീന്യോ, ഫെര്‍ണാണ്ടീന്യോ തുടങ്ങി പ്രമുഖ താരങ്ങളാണ് ബ്രസീലിന്റെ 23 അംഗങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
മൊണാക്കോയുടെ ഫാബിനോയും യുവന്റസ് ഫുള്‍ബാക്ക് അലക്‌സാന്‍ട്രോയുമാണ് ടീമിലെ മറ്റു പ്രധാന അഭാവങ്ങള്‍.