മമ്മൂട്ടിയുടെ ‘പരോളി’നെതിരെ വ്യാജ പ്രചാരണം; നിര്‍മാതാവ് കോടതിയില്‍

തിരുവനന്തപുരം∙ മമ്മൂട്ടി ചിത്രം പരോൾ സിനിമയ്ക്കെതിരെ അടിസ്ഥാനരഹിതമായ കുപ്രചാരണങ്ങൾ നടത്തിയവർക്കു കുരുക്കുമായി നിര്‍മാതാവ് രംഗത്ത്. ചിത്രത്തിനെതിരെ അപവാദം പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമങ്ങൾക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ ആന്‍റണി ഡിക്രൂസ് എന്‍റര്‍ടെയിന്‍മെന്‍റ്സ് കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ ചിത്രത്തിന്റെ നിർമാതാവ് ആന്റണി ഡിക്രൂസ് സമർപ്പിച്ച സ്വകാര്യ അന്യായം കോടതി ഫയലിൽ സ്വീകരിച്ചതോടെയാണു നിയമ നടപടികള്‍ക്കു വേഗം കൈവന്നത്.

തിയറ്ററിൽ മികച്ച പ്രതികരണം ലഭിച്ചു പ്രദർശനം തുടരുന്ന മമ്മൂട്ടിയുടെ വിഷു ചിത്രത്തിനെതിരെ വ്യാപക പ്രചാരണമാണു നടത്തുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ഈ നിയമനടപടി ഉപകാരപ്പെടണമെന്ന ലക്ഷ്യത്തോടെയാണു നീക്കമെന്നും നവാഗത നിര്‍മാതാവായ ആന്റണി ഡിക്രൂസ് വ്യക്തമാക്കി.

വെള്ളിയാഴ്ച പുറത്തിറങ്ങുന്ന സിനിമകളെ തൊട്ടടുത്ത ദിവസം തന്നെ മോശമായി ഓൺലൈൻ മാധ്യമങ്ങളിൽ ഇക്കൂട്ടര്‍ ആക്രമിക്കുകയാണ്. ഇത്തരം പ്രവണതകൾ സിനിമയെന്ന വ്യവസായത്തെ ഇല്ലാതാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. മലയാള സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ ഇത്തരം കുപ്രചാരണങ്ങളിൽ ഇരയാകാതെ തിയറ്ററുകളിൽ തന്നെ സിനിമ കണ്ട് അഭിപ്രായം രേഖപ്പെടുത്തട്ടെയെന്നു നവാഗത സംവിധായകനായ ശരത് സന്ദിത് പറഞ്ഞു.

മമ്മൂട്ടി കുടുംബ നായകനാകുന്ന ചിത്രത്തില്‍ സിദ്ദിഖ്, സുരാജ് വെ‍ഞ്ഞാറമ്മൂട്, ഇനിയ, മിയ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.