ആറു ദിവസത്തെ സന്ദര്‍ശനത്തിനായി നെതന്യാഹു ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു ഇന്ന് ഇന്ത്യയിലെത്തും. സൗഹൃദത്തിന്റെ ആഴം തെളിയിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി അദ്ദേഹത്തെയും ഭാര്യയേയും സ്വീകരിക്കും. 1992 ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു. 2003ല്‍ സന്ദര്‍ശനം നടത്തിയ ആരിയല്‍ ഷാരോണാണ് മുന്‍പ് ഇന്ത്യയിലെത്തിയ പ്രധാനമന്ത്രി.

ഡല്‍ഹിയിലെത്തുന്ന നെതന്യാഹു രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തും. ഡല്‍ഹിക്കു പുറമേ മുംബൈയും ഗുജറാത്തും നെതന്യാഹു സന്ദര്‍ശിക്കും. ഇന്തോ-ഇസ്രയേലി സിഇഒ ഫോറത്തിലും നെതന്യാഹു പങ്കെടുക്കും. കടല്‍ ജലം ശുദ്ധീകരിക്കുന്നതിനുള്ള ഗാല്‍ മൊബൈല്‍ എന്ന വാഹനമാണ് നെതന്യാഹു നരേന്ദ്ര മോദിക്ക് സമ്മാനമായി നല്‍കുക. ഗുജറാത്തിലെ വദ്രാദിലെ മികവിന്റെ കേന്ദ്രം ഇന്ത്യ, ഇസ്രയേല്‍ പ്രധാനമന്ത്രിമാര്‍ സന്ദര്‍ശിക്കും.