കരസേനാ മേധാവിയുടെ പരാമര്‍ശം ആണവ ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്ന് പാകിസ്താന്‍

ഇസ്ലാമാബാദ്: പാകിസ്താന്റെ ആണവശേഷിയെ കുറിച്ച് ഇന്ത്യയുടെ കരസേനാ മേധാവി ബിപിന്‍ റാവത്ത് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പാക് വിദേശകാര്യമന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫ്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാകിസ്താന്റെ ആണവശേഷിയെ ബിപിന്‍ റാവത്ത് പരിഹസിച്ചിരുന്നു. ആണവശക്തിയെ കുറിച്ചുള്ള പാകിസ്താന്റെ വീമ്പിളക്കല്‍ ഇല്ലാതാക്കാന്‍ സൈന്യം ശക്തമാണെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ അതിര്‍ത്തി കടന്നുള്ള ഏത് ആക്രമണത്തിനും സൈന്യം തയ്യാറാണെന്നും പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയുമായാണ് ഖ്വാജാ മുഹമ്മദ് ആസിഫ് എത്തിയിരിക്കുന്നത്.

വളരെ ഉത്തരവാദിത്ത രഹിതമായ പ്രസ്താവനയാണ് ഇന്ത്യന്‍ സൈനിക മേധാവിയുടെതെന്ന് അദ്ദേഹം ട്വീറ്റില്‍ ആരോപിച്ചു. അത് അദ്ദേഹത്തിന്റെ പദവിക്ക് യോജിക്കുന്നതല്ല. ആണവ ആക്രമണത്തിനുള്ള ക്ഷണത്തിനു തുല്യമാണത്. ഇനി അതാണ് അവര്‍(ഇന്ത്യ) ആഗ്രഹിക്കുന്നതെങ്കില്‍ പാകിസ്താന്‍ അതിനു തയ്യാറാണ്. ജനറലിന്റെ(ബിപിന്‍ റാവത്ത്) സംശയം വേഗത്തില്‍ തീര്‍ത്തുകൊടുക്കാം.- എന്നും പാക് ആഭ്യന്തര മന്ത്രി ട്വീറ്റില്‍ കുറിച്ചു.

ആക്രമണങ്ങളുണ്ടായാല്‍ സ്വയം പ്രതിരോധിക്കാന്‍ പാകിസ്താന്‍ സജ്ജമാണെന്ന് പാക് വക്താവ് ഡോ. മുഹമ്മദ് ഫൈസലും ട്വിറ്ററില്‍ വ്യക്തമാക്കി.