മതവികാരം വൃണപ്പെടുത്തിയതിന് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ കേസെടുത്തു

ചെന്നൈ: ഹിന്ദുമുന്നണി പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ രാജപാളയം പൊലിസ് കേസെടുത്തു. ജനുവരി 7ന് നടന്ന പൊതുപരിപാടിയില്‍ വൈരമുത്തു ആണ്ടാല്‍ ദേവിയെ മോശമായി ചിത്രീകരിക്കും വിധം പ്രസംഗിച്ചുവെന്നാണ് ആരോപണം.

പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ വൈരമുത്തുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശ്രീവില്ലിപുട്ടൂരില്‍ സംഘടിച്ചിരുന്നു. മുന്നണി സെക്രട്ടറി സുരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി സെക്ഷന്‍സ് 153A, 295A,505(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

രാജപാളയത്ത് സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പ്രസംഗിക്കുമ്പോള്‍ താന്‍ വായിച്ച ഒരു പുസ്തകത്തെ ഉദ്ധരിച്ച് ആണ്ടാല്‍ ദേവിയെ ദേവദാസിയായി വൈരമുത്തു പരാമര്‍ശിച്ചിരുന്നു. ശ്രീരംഗത്തെ ക്ഷേത്രത്തില്‍ ഒരു ദേവദാസിയായി ജീവിച്ചു മരിച്ചു ആണ്ടാല്‍ ദേവിയെന്ന പരാമര്‍ശമാണ് ഹിന്ദു സംഘടനകളെ ചൊടിപ്പിച്ചത്.