കോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത വേണം: ജസ്റ്റിസ് കുര്യന്‍ ജോസഫ്

ദില്ലി: സുപ്രീംകോടതി ജഡ്ജിമാര്‍ക്കിടയിലെ പൊട്ടിത്തെറി പരിഹരിക്കാനുള്ള സമവായ നീക്കങ്ങള്‍ സജ്ജീവമാകുന്നതിനിടെ പ്രിതിഷേധത്തില്‍ പ്രതിരകരണവുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ്. ചീഫ് ജസ്റ്റിസ്  ദീപക് മിശ്രയെ മാറ്റുകയല്ല ലക്ഷ്യമെന്ന്  കുര്യന്‍ ജോസഫ് പ്രതികരിച്ചു

കോടതിയുടെ നടപടി ക്രമങ്ങളില്‍ സുതാര്യത വേണം. ഇതിന് വേണ്ടിയാണ് തങ്ങള്‍ മുന്നിട്ടിറങ്ങിയത്. പ്രശ്‌നങ്ങള്‍ ജുഡീഷ്യറിയ്ക്ക് സ്വയം പരിഹരിക്കാനാകും. എല്ലാം ജുഡീഷ്യറിയ്ക്ക് വേണ്ടിയാണെന്നും കുര്യന്‍ ജോസഫ് വ്യക്തമാക്കി.

ജഡ്ജിമാര്‍ക്കെതിരെയുള്ള പരാതികളൊക്കെ കോടതിയുടെ അകത്തളങ്ങള്‍ മുങ്ങിപ്പോകുന്ന സാഹചര്യത്തില്‍ നിന്നാണ് ഇപ്പോള്‍ ജഡ്ജിമാര്‍ തമ്മിലുള്ള പിളര്‍പ്പ് പുറത്തേക്ക് എത്തിയിരിക്കുന്നത്. അതിന് ജസ്റ്റിസ് ബി.എച്ച്.ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് ഒരു കാരണമായി എന്നുമാത്രം. പ്രശ്‌നപരിഹരിത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കില്‍ അത് എങ്ങനെ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. എല്ലാ ജഡ്ജിമാരും ഉള്‍പ്പെട്ട കോടതി വിളിച്ച് പ്രശ്‌നം പരിഹരിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.

പ്രശ്‌നപരിഹാരത്തിനായി ചീഫ് ജസ്റ്റിസുമായും പ്രതിഷേധിച്ച് ഇറങ്ങിപ്പോയ ജസ്റ്റിസുമാരായ ജെ.ചലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, കുര്യന്‍ ജോസഫ്, മദന്‍ പി ലോക്കൂര്‍ എന്നിവരുമായും ഇന്ന് സഹ ജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരുമൊക്കെ ചര്‍ച്ച നടത്തിയേക്കും. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലും പ്രശ്‌നപരിഹാരത്തിനായി ഇടപെടുന്നുണ്ട്. പ്രശ്‌നങ്ങള്‍ ഇന്ന് തീരുമാനമാകുമെന്നാണ് അറ്റോര്‍ണി ജനറല്‍ പറഞ്ഞത്. പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി സുപ്രീംകോടി ബാര്‍ അസോസിയേഷന്റെ യോഗവും ഇന്ന് ചേരുന്നുണ്ട്. കോടതി തന്നെ തര്‍ക്കങ്ങള്‍ തീര്‍ക്കട്ടേ എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. എങ്കിലും കോടതിയിലെ സാഹചര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്.