അവിഹിതം പുറത്ത് പറയാതിരിക്കാന്‍ ട്രംപ് നീലചിത്ര നടിക്ക് നല്‍കിയത് 1,30,000 ഡോളര്‍

വാഷിങ്ടണ്‍: നീലചിത്ര രംഗത്തെ നടി സ്‌റ്റോര്‍മി ഡാനിയല്‍സുമായുള്ള തന്റെ അവിഹിത ബന്ധം പുറത്തു പറയാതിരിക്കാന്‍ 2006ല്‍ ഡൊണാള്‍ഡ് ട്രംപ് 1,30,000 ഡോളര്‍ നല്‍കിയതായി റിപ്പോര്‍ട്ട്. പ്രമുഖ അമേരിക്കന്‍ പത്രമായ ദി വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് വെള്ളിയാഴ്ച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ട്രംപിന്റെ വിശ്വസ്തനും ദീര്‍ഘകാലം ട്രംപ് ഓര്‍ഗനൈസേഷന്‍സ് അറ്റോര്‍ണിയുമായ മൈക്കിള്‍ കോഹന്‍ 2016ലെ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ഒത്തുതീര്‍പ്പിന് സാക്ഷ്യം വഹിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വ്യാഴവട്ടക്കാലം മുമ്പ് തുടങ്ങിയ ട്രംപ്-സ്‌റ്റോര്‍മി ബന്ധം മെലാനിയയുമായുള്ള ട്രംപിന്റെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുന്ന വേളയിലായിരുന്നെന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ ഈ വാര്‍ത്ത തെറ്റായതെന്നായിരുന്നു മൈക്കിള്‍ കോഹന്റെ ആദ്യ പ്രതികരണം. ഒപ്പം ട്രംപില്‍ നിന്ന് ഇത്തരത്തില്‍ ഭീമമായ തുക കൈപ്പറ്റിയിട്ടില്ലെന്ന നടിയുടെ ഇ-മെയിലും പത്രത്തിന് കോഹന്‍ കൈമാറി. ഇതെല്ലാം മണ്‍മറഞ്ഞ ഏടുകളാണെന്നായിരുന്നു വൈറ്റ് ഹൗസ് പ്രതികരിച്ചത്.

2016ല്‍ മറ്റൊരു നീലചിത്ര നടി ജെസിക്കാ ഡ്രേക്ക് തന്നെ ട്രംപ് ഗോള്‍ഫ് ടൂര്‍ണമെന്റിനിടയില്‍ കടന്നു പിടിച്ചതായി പരാതിപ്പെട്ടിരുന്നു. അന്ന് തന്റെ മുറിയില്‍ വരാന്‍ ആവശ്യപ്പെട്ട ട്രംപ് 10,000 ഡോളറും സ്വകാര്യ വിമാനത്തിലുള്ള സൗജന്യ യാത്രയും ഇവര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നതായും ആരോപണമുയര്‍ന്നിരുന്നു.