ചൂട് കൂടുന്നു; ആരോഗ്യ സംരക്ഷണത്തിന് ഇളനീര്‍ അത്യുത്തമം

പ്രാചീന കാലം മുതല്‍ തന്നെ ഇളനീര്‍ ഒരു ശീതള-ഔഷധ പാനീയമായി ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്നു. ഏതാണ്ട് അര ലിറ്റര്‍ വെളളം കരിക്കിലുണ്ടാകും. ഇതില്‍ കൂടുതല്‍ വെളളമുളള ഇനങ്ങളുമുണ്ട്. കേരളീയര്‍ ഇളനീരിനു വേണ്ടി എല്ലായിനം തെങ്ങുകളുടേയും കരിക്ക് ഉപയോഗിക്കാറുണ്ട്. ഓരോ തരം കരിക്കിന്റെയും സ്വാദിനും അളവിനും വ്യത്യാസമുണ്ടാകും.

ഔഷധ ഗുണവും പോഷണ ഗുണവും ഒപ്പത്തിനൊപ്പമാണ് ഇളനീരിലുള്ളത്. ഒരു ഗ്ലാസ് ഇളനീരില്‍ അരഗ്ലാസ് പാലിനു തുല്യമായ പോഷണ മൂല്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൊഴുപ്പിന്റെ അളവ് പാലിനേക്കാള്‍ കുറവായതിനാല്‍ പൊണ്ണത്തടിയുളളവര്‍ക്ക് ക്ഷീണം തോന്നാതെ തന്നെ തടി കുറയ്ക്കാന്‍ ഇളനീര്‍ സഹായിക്കും.

ഹൃദയം, വൃക്ക, കരള്‍, കുടല്‍ രോഗങ്ങളാല്‍ വിഷമത അനുഭവിക്കുന്നവര്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്നതും ആശ്വാസം നല്‍കുന്നതുമായ പാനീയമാണിത്.

പൊട്ടാസ്യവും ലവണങ്ങളും ധാരാളമുളള ഇളനീര്‍ രോഗത്തിന്റെ തീവ്രത കുറയ്ക്കുകയും, മരുന്നുകളുടെ ആഗിരണം ത്വരിതപ്പെടുത്തുകയും, രോഗശാന്തി വേഗത്തിലാക്കുകയും അപകടകാരികളായ വിഷപദാര്‍ത്ഥങ്ങളെ പുറന്തളളുകയും ചെയ്യുന്നു. വയറിളക്കം, ഛര്‍ദ്ദി, അതിസാരം തുടങ്ങി ജലനഷ്ടം ക്രമാതീതമാകുന്ന അവസരങ്ങളില്‍ ഇളനീര്‍ ഏറ്റവും ഉത്തമമത്രേ.