ഓസ്ട്രേലിയന്‍ മണ്ണില്‍ അത്ഭുതം കാട്ടി സച്ചിന്‍റെ മകന്‍; കപില്‍ദേവിനെ അനുസ്മരിപ്പിക്കുന്ന പ്രകടനത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കോ

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ നേരത്തെ തന്നെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ രാജ്യത്തിന്റെ ശ്രദ്ധ കൈവരിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ടീമിന്റെ പരിശീലനത്തിനിടെ ബെയര്‍‌സ്റ്റോ അടക്കമുള്ള പ്രമുഖ താരങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്.

ബൗളിംഗ് മികവിന്റെ പേരിലാണ് അര്‍ജുന്‍ പലപ്പോഴും ശ്രദ്ധനേടിയിട്ടുള്ളത്. ക്രിക്കറ്റ് ലോകത്തെ ബാറ്റിംഗ് റെക്കോര്‍ഡുകളില്‍ ഏറിയപങ്കും കൈവശം വച്ചിരിക്കുന്ന ഇതിഹാസതാരത്തിന്റെ മകന്‍ ബാറ്റിംഗില്‍ അത്ര മെച്ചമല്ലെന്നാണ് ഏവരും കരുതിയിരുന്നത്.

എന്നാല്‍ സച്ചിന്റെ മകന്‍ ക്രിക്കറ്റ് ലോകത്ത് സാക്ഷാല്‍ കപില്‍ദേവിന്റെ പിന്‍ഗാമിയാകുമെന്നാണ് വ്യക്തമാകുന്നത്. പേസ് ബൗളിംഗ് കൊണ്ടും ആക്രമണാത്മക ബാറ്റിംഗ് കൊണ്ടും ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ എന്ന വിശേഷണം സ്വന്തമാക്കിയിട്ടുള്ള കപിലിന്റെ പാതയിലാണ് അര്‍ജുന്‍.

ഇത് തെളിയിക്കുന്നതായിരുന്നു ഓസ്‌ട്രേലിയയിലെ പ്രശസ്തമായ ഓവല്‍ സ്‌റ്റേഡിയത്തിലെ അര്‍ജുന്റെ പ്രകടനം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് സംഘടിപ്പിച്ച സിപിരിറ്റ് ഓഫ് ക്രിക്കറ്റ് ഗ്ലോബല്‍ ചലഞ്ച് അര്‍ജുന്റെ അത്ഭുത പ്രകടനത്തിനാണ് സാക്ഷിയായത്.

ഓവലില്‍ നടന്ന മത്സരത്തില്‍ ഹോങ്കോങ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യക്ക് വേണ്ടിയാണ് അര്‍ജുന്‍ കളത്തിലിറങ്ങിയത്. ഓപ്പണറുടെ വേഷത്തിലെത്തിയ അര്‍ജുന്‍ ബൗളര്‍മാരെ നിലംതൊടാനനുവദിച്ചില്ല. 27 പന്തില്‍ 48 റണ്‍സാണ് അര്‍ജുന്‍ അടിച്ചുകൂട്ടിയത്.

ബൗളിംഗിനെത്തിയപ്പോള്‍ അര്‍ജുന്‍ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. നാല് ഓവര്‍ എറിഞ്ഞ അര്‍ജുന്റെ മുന്നില്‍ എതിരാളികള്‍ നിഷ്പ്രഭരായി. നാല് മുന്‍നിര വിക്കറ്റുകളും പോക്കറ്റിലാക്കിയാണ് സച്ചിന്റെ മകന്‍ മടങ്ങിയത്.

പേസ് ബൗളറെന്ന നിലയില്‍ അറിയപ്പെടാനാണ് അര്‍ജുന്‍ ആഗ്രഹിക്കുന്നത്. വസീം അക്രത്തിന്റെ ശിക്ഷണം ലഭിച്ചിട്ടുള്ള അര്‍ജുന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് മുതല്‍കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യന്‍ ടീമിലേക്കുള്ള 18 കാരന്റെ പ്രവേശനത്തിന് അധികം കാലതാമസമുണ്ടികില്ലെന്നാണ് വിലയിരുത്തലുകള്‍.