ഏഴു ഭൂഖണ്ഡങ്ങളില്‍ വിജയക്കൊടി പാറിച്ച് ഇന്ത്യന്‍ വ്യോമസേന

ന്യൂഡൽഹി ∙ ഏഴു ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരമുള്ള കൊടുമുടികൾ കീഴടക്കുന്ന ഇന്ത്യയിലെ ആദ്യ സൈനികവിഭാഗമെന്ന പെരുമ ഇനി വ്യോമസേനയ്ക്ക്. സേനയുടെ അഞ്ചംഗ പർവതാരോഹക സംഘം അന്റാർട്ടിക്കൻ ഭൂഖണ്ഡത്തിലെ വിൻസൺ കൊടുമുടി കഴിഞ്ഞദിവസം കീഴടക്കിയതോടെയാണ് ഇത്.

വ്യോമസേനയിലെ വിവിധ സംഘങ്ങൾ എവറസ്റ്റ് ഉൾപ്പെടെ ആറു ഭൂഖണ്ഡങ്ങളിലെയും കൊടുമുടികൾ മുൻവർഷങ്ങളിൽ കീഴടക്കിയിരുന്നു. 4897 മീറ്റർ ഉയരമുള്ള വിൻസൺ കൊടുമുടി മാത്രമായിരുന്നു പട്ടികയിൽ ബാക്കി. ക്യാപ്റ്റൻ ആർ.സി.ത്രിപാഠിയുടെ നേതൃത്വത്തിൽ വിങ് കമാൻഡൻ എസ്.എസ്.മല്ലിക്, സ്ക്വാഡ്രൺ ലീഡർ രാജേഷ് മൂഖി, സർജന്റ് ആർ.ഡി.കാലേ, കോർപറൽ പവൻകുമാർ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.

മറ്റ് ആറു കൊടുമുടികൾ കീഴടക്കിയ സംഘത്തിലും ത്രിപാഠി അംഗമാണ്. വിൻസൺ കൊടുമുടി കീഴടക്കി മടങ്ങിയെത്തിയ സംഘത്തെ വ്യോമസേനാ മേധാവി ബി.എസ്.ധനോവ സ്വീകരിച്ചു. 2005ൽ എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള ദൗത്യത്തിനിടെ കൊല്ലപ്പെട്ട സ്ക്വാഡ്രൺ ലീഡർ എസ്.എസ്.ചൈതന്യ, സർജന്റ് ശന്തനു എന്നിവർക്ക് ഈനേട്ടം സമർപ്പിക്കുന്നതായി സംഘാംഗങ്ങൾ പറഞ്ഞു.