മുല്ലപ്പെരിയാര്‍: കേരളവും തമിഴ്‌നാടും പ്രത്യേക സമിതികള്‍ രൂപീകരിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി: 122 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന കേന്ദ്ര നിലപാട് നിലനില്‍ക്കെ തന്നെ ഡാമിന്റെ സുരക്ഷ വിലയിരുത്താന്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേന്ദ്രവും കേരളവും തമിഴ്‌നാടും വെവ്വേറെ സമിതികള്‍ രൂപീകരിക്കാന്‍ ആവശ്യപ്പെട്ടത്.
അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് അഭിഭാഷകനായ റസല്‍ ജോയ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. രാജ്യാന്തര വിദഗ്ധരടങ്ങുന്ന സംഘത്തെക്കൊണ്ട് ഡാമിന്റെ സുരക്ഷയെക്കുറിച്ച് പഠനം നടത്താന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.  സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്ന സമിതികള്‍ കേന്ദ്ര സമിതിയുമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.