മകന്‍ വളര്‍ത്തിയ നായ്ക്കള്‍ ചെന്നൈയില്‍ അമ്മയെ കടിച്ചുകൊന്നു

ചെന്നൈ: വീട്ടില്‍ വളര്‍ത്തിയിരുന്ന നായ്ക്കള്‍ 68 വയസ്സുള്ള സ്ത്രീയെ കടിച്ചുകൊന്നു. ആവടി ഗോവര്‍ദ്ധനഗിരിയിലെ താമസക്കാരിയായ ഗൗരിക്കാണ് വ്യാഴാഴ്ച്ച ദാരുണാന്ത്യം സംഭവിച്ചത്.

ഭര്‍ത്താവ് ചന്ദ്രശേഖറും കൊല്ലപ്പെട്ട ഗൗരിയും മകന്‍ സന്തോഷിനും മരുമകള്‍ക്കുമൊപ്പം താമസിക്കുകയായിരുന്നു. ഇവരുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന ഒന്നും അഞ്ചും വയസ്സുള്ള റോട്ട്‌വൈലര്‍ ഇനത്തില്‍പെട്ട നായ്ക്കള്‍ മകന്‍ സന്തോഷിനോട് ഇണക്കത്തോടെ പെരുമാറിയിരുന്നെങ്കിലും വൃദ്ധ ദമ്പതികളോട് പലപ്പോഴും ആക്രമണ മനോഭാവം പ്രകടിപ്പിച്ചിരുന്നു.

മുകളിലത്തെ നിലയില്‍ നായ്ക്കളെ അഴിച്ചുവിട്ടിരുന്നതറിയാതെ ടെറസ്സില്‍ തുണികളെടുക്കാന്‍ ചെന്ന ഗൗരിയെ കടിച്ചുകീറുകയായിരുന്നു. ടെറസ്സിലായിരുന്നതു കൊണ്ട് തന്നെ ആക്രമണത്തിന്റെ ശബ്ദം വീട്ടിലുള്ളവര്‍ അറിഞ്ഞില്ല. ഏറെ വൈകി മകനും മരുമകളും ടെറസില്ലെത്തി നോക്കിയപ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത വണ്ണം മുഖമുള്‍പ്പെടെ വികൃതമാക്കിയ നിലയില്‍ കിടക്കുകയായിരുന്നു ഗൗരിയുടെ മൃതദേഹം.