രാജ്യത്ത് വനിതാ ജഡ്ജിയില്ലാത്ത എട്ട് ഹൈക്കോടതികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകളാണ് കൂടുതലെങ്കിലും ഒരൊറ്റ വനിതാ ജഡ്ജിയുമില്ലാത്ത ഹൈക്കോടതികളുടെ എണ്ണം എട്ടാണ്. മൂന്നിലൊന്ന് ഹൈക്കോടതികളില്‍ നീതിന്യായം ഉറപ്പാക്കാന്‍ മഹിളകളില്ല. ഹിമാചല്‍ പ്രദേശ്, ഛത്തിസ്ഗര്‍, ജമ്മു-കാശ്മീര്‍, മണിപ്പൂര്‍, മേഘാലയ, ത്രിപുര, ഉത്തരഖണ്ഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ 2018 നവവത്സര ദിനത്തിലെ കണക്കു പ്രകാരമാണിത്.

എന്നാല്‍ ജനുവരി നാലിന് വന്ന വിജ്ഞാപനപ്രകാരം ജാര്‍ഖണ്ഡിലേക്ക് ഒരു മഹിളയെ തിരഞ്ഞെടുത്തു- അനുഭ റാവത്ത് ചൗധരിയെ.
കേരള ഹൈക്കോടതിയില്‍ മൊത്തം 37 ജഡ്ജിമാരുള്ളതില്‍ അഞ്ച് വനിതകളുണ്ട്. ജസ്റ്റിസുമാരായ പി.വി.ആശ, അനുശിവരാമന്‍, മേരി ജോസഫ്, വി.ഷിര്‍സി, ആനിജോണ്‍ എന്നിവരാണ് വനിതാ ജഡ്ജിമാര്‍.

ഇപ്പോള്‍ സുപ്രിംകോടതിയിലെ 25 ജഡ്ജിമാരില്‍ ജസ്റ്റിസ് ആര്‍. ഭാനുമതി മാത്രമാണ് വനിത. 2014ലാണ് അവര്‍ ജഡ്ജിയാവുന്നത്. ഭാനുമതി ഉള്‍പ്പെടെ ഇതുവരെ ആറു വനിതകള്‍ മാത്രമാണ് ഉന്നതനീതിപീഠത്തിലെത്തിയിട്ടുള്ളത്. മലയാളിയായ ജസ്റ്റിസ് ഫാത്തിമ ബീവിയാണ് ആദ്യം സുപ്രിംകോടതി ജഡ്ജിയായ വനിത-1989ല്‍.