സീനിയര്‍ അഭിഭാഷക ഇന്ദു മല്‍ഹോത്ര നേരിട്ട് സുപ്രിംകോടതി ജഡ്ജി

ന്യൂഡല്‍ഹി: സുപ്രിംകോടതി ജഡ്ജിയായി സീനിയര്‍ അഭിഭാഷകയായ ഇന്ദു മല്‍ഹോത്ര സുപ്രിംകോടതിയില്‍ നേരിട്ടെത്തുന്നു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായി സീനിയര്‍ ജഡ്ജിമാരുടെ കൊളിജിയമാണ് ഇവരുടെ പേര് ശുപാര്‍ശ ചെയ്തത്.

ഗവണ്‍മെന്റ് ഈ ശുപാര്‍ശ അംഗീകരിച്ചാല്‍ രാജ്യത്ത് ആദ്യമായി നേരിട്ട് സുപ്രിംകോടതി ജഡ്ജിയാകുന്ന അഭിഭാഷകയാവും ഇന്ദു.

2007ല്‍ അവര്‍ സുപ്രിംകോടതിയില്‍ സീനിയര്‍ അഭിഭാഷക പദവിയിലെത്തുമ്പോള്‍ അത്തരത്തിലെത്തുന്ന രണ്ടാമത്തെ വനിതയായിരുന്നു. അതും മൂന്നു പതിറ്റാണ്ടിനുശേഷമുള്ള നിയമനം. നാല്പതുകൊല്ലം സീനിയര്‍ അഭിഭാഷകയായി ആദ്യം നിയമിക്കപ്പെടുന്നത് ലീലാ സേഥ് ആയിരുന്നു. അവര്‍ പിന്നീട് സുപ്രിംകോടതി ജഡ്ജിയായി.

മലയാളിയായ ജസ്റ്റിസ് ഫാത്തിമ ബീവിയാണ് ആദ്യം സുപ്രിംകോടതി ജഡ്ജിയായ വനിത-1989ല്‍. ഇപ്പോള്‍ സുപ്രിംകോടതിയിലെ 25 ജഡ്ജിമാരില്‍ ജസ്റ്റിസ് ആര്‍. ഭാനുമതി മാത്രമാണ് വനിത. 2014ലാണ് അവര്‍ ജഡ്ജിയാവുന്നത്. ഭാനുമതി ഉള്‍പ്പെടെ ഇതുവരെ ആറു വനിതകള്‍ മാത്രമാണ് ഉന്നതനീതിപീഠത്തിലെത്തിയിട്ടുള്ളത്.