കേരളത്തിന്റെ മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കാന്‍ മമ്മൂട്ടിയെത്തുന്നു; ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി അഭിനയിക്കാത്ത വേഷങ്ങള്‍ ചുരുക്കമാണ്. 4 പതിറ്റാണ്ട് പിന്നിട്ട അഭിനയജീവിതത്തിനിടയില്‍ എല്ലാ തരത്തിലുള്ള വേഷപകര്‍ച്ചയുമായി മമ്മൂട്ടി വിസ്മയിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ മുഖ്യമന്ത്രി കഥാപാത്രമായി ആരാധകരുടെ പ്രിയതാരം വെള്ളിത്തിരയിലെത്തിയിട്ടില്ല. 27 വര്‍ഷങ്ങള്‍ക്കുമുമ്പ് ബാലചന്ദ്ര മേനോന്റെ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ മന്ത്രിയുടെ വേഷത്തിലെത്തിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി കസേര അകന്നു നില്‍ക്കുകയായിരുന്നു.

ഇപ്പോഴിതാ കേരളത്തിന്റെ മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടാന്‍ തയ്യാറെടുക്കുകയാണ്. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്.

ബോബി സഞ്ജയ് ആണ് തിരക്കഥ. പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവമുള്ള സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിച്ചേക്കും. ചിത്രത്തിന് പേരിട്ടിട്ടില്ല.